

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യു പോക്കര്‍ രാജിവെച്ചതിന് പിന്നാലെ വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ചയെന്നാരോപിച്ച് രാജിവെയ്ക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാലയും സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയവും. കുപ്രചാരണങ്ങള്‍ കള്ളിക്കളയണമെന്ന് ഉമര്‍ പാണ്ടികശാലയും ഷാഫി ചാലിയവും പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും ഇരുവരും പറഞ്ഞു. അതിന്റെ പേരില്‍ നേതാക്കളെ ഇകഴ്ത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇരുവരും വ്യക്തമാക്കി.
പതിനെട്ടാം വയസില്‍ എംഎസ്എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ആളാണ് താനെന്നും അവസാന ശ്വാസം വരെ പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്നും ഉമര്‍ പാണ്ടികശാല പറഞ്ഞു. തല്‍പരകക്ഷികള്‍ ദുരുദ്ദേശ്യപരമായി നടത്തുന്ന കുപ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുതെന്നും ഉമര്‍ പാണ്ടികശാല പറഞ്ഞു. സിപിഐഎമ്മില്‍ പോയവര്‍ക്ക് വേണ്ടി രാജിവെക്കാന്‍ തങ്ങള്‍ മണ്ടന്മാരല്ലെന്ന് ഷാഫി ചാലിയവും പറഞ്ഞു.
കാഴിക്കോട് കോര്‍പറേഷനില്‍ നല്ലളം 43-ാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി ഉടലെടുത്തത്. യു പോക്കറെ മത്സരിപ്പിക്കാനാണ് ഡിവിഷനിലെ കമ്മിറ്റികളില്‍ നിന്നും ആവശ്യമുയര്‍ന്നതെങ്കിലും മായിന്‍ ഹാജി സ്വന്തം താല്‍പര്യപ്രകാരം മേഖലാ ലീഗ് പ്രസിഡന്റ് വി പി ഇബ്രാഹിമിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയെന്നായിരുന്നു ആരോപണം. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പോക്കര്‍ രാജിവെച്ചത്. ഇതിന് പിന്നാലെ സിപിഐഎമ്മില്‍ ചേരുകയും ചെയ്തിരുന്നു. അവഗണന സഹിക്ക വയ്യാതെയാണ് പാര്‍ട്ടി വിട്ടതെന്ന് പോക്കര്‍ പറഞ്ഞിരുന്നു. നേതൃത്വത്തിന്റെ തീരുമാനത്തെ എം സി മായിന്‍ ഹാജി വെല്ലുവിളിച്ചുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തോട് കാണിക്കേണ്ടുന്ന മാന്യത പുലര്‍ത്തിയില്ലെന്നും യു പോക്കര്‍ പറഞ്ഞിരുന്നു.
Content Highlights- Umar pandikashala and shafi chaliyam reaction over resignation news