CCTV പാസ്‌വേർഡ് 'Admin 123'; ഗർഭിണികളുടെ മാത്രമല്ല, വീടുകളിൽ നിന്നുള്ള ദൃശ്യങ്ങളും മോഷ്ടിച്ച് ഹാക്കർമാർ

ആശുപത്രിയില്‍ നിന്നും ഹാക്ക് ചെയ്ത ഗർഭിണികളുടെ വീഡിയോകൾ അടങ്ങിയ ടീസറുകളാണ് ആദ്യം അപ്‌ലോഡ് ചെയ്തത്

CCTV പാസ്‌വേർഡ് 'Admin 123'; ഗർഭിണികളുടെ മാത്രമല്ല, വീടുകളിൽ നിന്നുള്ള ദൃശ്യങ്ങളും മോഷ്ടിച്ച് ഹാക്കർമാർ
dot image

രാജ്കോട്ട്: ഇന്ത്യയിലെ പ്രമുഖമായ മെറ്റേര്‍ണിറ്റി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ടെലഗ്രാമില്‍ വില്‍പനയ്‌ക്കെന്ന വാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് അമ്പരപ്പിക്കുന്ന മറ്റ് പല വസ്തുതകളും കണ്ടത്തിയിരിക്കുകയാണ്. ശരീരത്തിന് പിൻഭാഗത്തായി ഇഞ്ചക്ഷനെടുക്കുന്ന ഗര്‍ഭിണികളുടെ ദൃശ്യങ്ങള്‍ ഈ വര്‍ഷം ആദ്യം യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഗുജറാത്തിലെ രാജ്‌കോട്ടിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ടെലഗ്രാമില്‍ വൈറലായത്. യൂട്യൂബിലുണ്ടായിരുന്ന ടീസർ വീഡിയോ കാണുന്നവര്‍ക്ക് ടെലഗ്രാം ചാനലില്‍ പൂര്‍ണമായ വീഡിയോ കാണാനുള്ള ലിങ്കും നല്‍കിയിരുന്നു. ഈ സംഭവത്തിലാണ് പൊലീസിൻ്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. ബിബിസിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആശുപത്രിയുടെ ഡേറ്റ സെര്‍വറില്‍ നുഴഞ്ഞ് കയറിയാണ് ഗൈനക്കോളജി വാര്‍ഡില്‍ സ്ത്രീകളെ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചത്. സെര്‍വറിനുണ്ടായിരുന്നത് ദുര്‍ബലമായ Admin123 എന്ന പാസ്‌വേര്‍ഡായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആശുപത്രികള്‍, സ്‌കൂളുകള്‍, വീടുകള്‍ എന്നിവടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 2024ലെ ഒമ്പത് മാസങ്ങള്‍ക്കിടെയാണ് ഈ ഹാക്കിങ് നടന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഹാക്കായതോടെ നിരവധി യുവതികളുടെ വീഡിയോയാണ് പോണ്‍ സൈറ്റുകളില്‍ അപ്‌ലോഡായത്. സംഭവുമായി ബന്ധപ്പെട്ട് 2025 ഫെബ്രുവരി മുതല്‍ പലരും പൊലീസ് വലയിലായിട്ടും ഇക്കഴിഞ്ഞ ജൂണ്‍ വരെ ഈ വീഡിയോകള്‍ യൂട്യൂബിലടക്കമുണ്ടായിരുന്നു.

ഗുജറാത്ത് കൂടാതെ ഡൽഹി, പൂനെ, മുംബൈ എന്നിവിടങ്ങളിലും സിസിടിവി ഹാക്ക് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും ഹാക്ക് ചെയ്ത ഗർഭിണികളുടെ വീഡിയോയുടെ ടീസറുകളാണ് ആദ്യം അപ്‌ലോഡ് ചെയ്തത്. യൂട്യൂബില്‍ നല്‍കിയ ടീസറിനൊപ്പം ടെലഗ്രാം ലിങ്കും ഉള്‍പ്പെടുത്തിയിരുന്നു. 700നും നാലായിരത്തിനുമിടയിലായിരുന്നു ഹാക്കര്‍മാര്‍ വീഡിയോയ്ക്കായി നിശ്ചയിച്ചിരുന്ന തുക. രാജ്യത്താകമാനം ഇതുവരെ ഹാക്ക് ചെയ്യപ്പെട്ട സിസിടിവികളുടെ സെര്‍വര്‍ പാസ്‌വേര്‍ഡ് ദുര്‍ബലവും സാധാരണവുമായി Admin 123 ആയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായാണ് സിസിടിവി സ്ഥാപിച്ചതെന്നാണ് ആശുപത്രി ഡയറക്ടര്‍ ബിബിസിയോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം ഇതേത് ആശുപത്രിയാണെന്നോ വീഡിയോയിലുള്ള സ്ത്രീകളുടെ വിവരങ്ങളോ ബിബിസി പുറത്തുവന്നിട്ടില്ല. ഇരയാക്കപ്പെട്ട സ്ത്രീകളാരും ഇതുവരെ പരാതിയും നല്‍കിയിട്ടില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വമ്പന്‍ സൈബര്‍ ക്രൈം റാക്കറ്റിനെയാണ് കണ്ടെത്തിയത്. ഇവരുടെ പക്കല്‍ രാജ്യത്തുടനീളം നിന്നുള്ള അമ്പതിനായിരം സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഹാക്കര്‍മാര്‍ ഇവ മോഷ്ടിച്ച ശേഷം ഇന്റര്‍നെറ്റില്‍ വില്‍ക്കുകയാണ് ഉണ്ടായതെന്ന് പൊലീസ് വിശദീകരിക്കുന്നു.

നിലവില്‍ ഇന്ത്യയിലെവിടെയും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് സിസിടിവി. പ്രത്യേകിച്ച നഗരപ്രദേശങ്ങളില്‍ ഇവയുടെ എണ്ണം കൂടുതലാണ്. മാളുകള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, സ്വകാര്യ അപ്പാര്‍ട്ട്‌മെന്റുകള്‍, എന്നിവിടങ്ങളില്‍ കൂടാതെ വീടുകളിലും സിസിടിവികള്‍ സ്ഥിരം സാന്നിധ്യമാകുന്നുണ്ട്. സിസിടിവി സുരക്ഷ സംവിധാനത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ സജ്ജീകരണം ശരിയായ രീതിയലല്ല എന്നുണ്ടെങ്കില്‍ അത് സ്വകാര്യതയ്ക്ക് വലിയ ഭീഷണിയുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സൈബര്‍ സെക്യൂരിറ്റി പരിശീലനം ലഭിക്കാത്ത പലരും സിസിടിവി കാമറകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും ആഭ്യന്തരമായി നിര്‍മിക്കുന്ന ചില കാമറകള്‍ക്ക് സുരക്ഷാ പ്രശ്‌നമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

2018ല്‍ ബെംഗളുരു നഗരത്തിലെ ടെക് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന യുവാവിന്റെ വെബ് കാമറ ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. സ്വകാര്യ വീഡിയോകള്‍ പുറത്തുവിടാതിരിക്കണമെങ്കില്‍ പകരം പണം കൈമാറണമെന്നായിരുന്നു ഇയാള്‍ നേരിട്ട ഭീഷണി. 2023ല്‍ സിസിസിടിവി ഹാക്ക് ചെയ്ത് യൂട്യൂബറുടെ സ്വകാര്യ വീഡിയോകള്‍ പുറത്തായിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത ഡാറ്റ ചോര്‍ച്ച പട്ടികയില്‍ ഇടംപിടിച്ച സപ്ലൈയര്‍മാരില്‍ നിന്നും സിസിടിവികള്‍ വാങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ഇത്തരം ഹാക്കിങ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Content Highlights: Poor and week password that helps hackers to steal CCTV Footages

dot image
To advertise here,contact us
dot image