ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണകാരണം ജോലിഭാരം മാത്രമല്ല,സിപിഐഎം ബിഎൽഎ ഭീഷണിപ്പെടുത്തി: കോൺഗ്രസ്

കളളവോട്ടുകൾ ചേർക്കാൻ സാഹചര്യമൊരുക്കാനാണ് ബിഎൽഒ അനീഷ് ജോർജിനെ സിപിഐഎം ബിഎൽഎ റഫീഖ് ഭീഷണിപ്പെടുത്തിയതെന്ന് ഡിസിസി പ്രസിഡന്റ്

ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണകാരണം ജോലിഭാരം മാത്രമല്ല,സിപിഐഎം ബിഎൽഎ ഭീഷണിപ്പെടുത്തി: കോൺഗ്രസ്
dot image

കണ്ണൂര്‍: ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയ്ക്ക് കാരണം ജോലിഭാരം മാത്രമല്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. അനീഷ് ജോര്‍ജിന് സിപിഐഎം നേതാക്കളുടെ ഭീഷണിയുണ്ടായെന്നാണ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ ആരോപണം. കളളവോട്ടുകൾ ചേർക്കാൻ സാഹചര്യമൊരുക്കാനാണ് ബിഎൽഒ അനീഷ് ജോർജിനെ സിപിഐഎം ബിഎൽഎ റഫീഖ് ഭീഷണിപ്പെടുത്തിയതെന്നും കോൺഗ്രസ് ബിഎൽഎയോട് അനീഷ് ഇനിമുതൽ കൂടെ വരേണ്ടെന്ന് വിളിച്ച് ആവശ്യപ്പെട്ടെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. കോൺഗ്രസ് ബിഎൽഎ വൈശാഖും അനീഷ് ബാബുവും തമ്മിലുളള ഫോൺ സംഭാഷണവും അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

'കാക്കോല്‍ ആലപ്പടമ്പ എന്ന പ്രദേശം സിപിഐഎമ്മിന് അതിപ്രസരമുളള പഞ്ചായത്താണ്. കോണ്‍ഗ്രസിന്റെ ഒരു പഞ്ചായത്ത് മെമ്പറും അവിടെയില്ല. നോമിനേഷന്‍ കൊടുക്കാന്‍ പോയാല്‍ പോലും ഭീഷണിപ്പെടുത്തി അത് കീറിക്കളയുന്ന പഞ്ചായത്താണ്. അവിടെ ബിഎല്‍ഒമാരെ സ്വാധീനിച്ചുകൊണ്ട്, നിയന്ത്രിച്ചുകൊണ്ട് സിപിഐഎം നേതൃത്വം കളളവോട്ടുകള്‍ രേഖപ്പെടുത്തുന്നുവെന്നത് പണ്ടുമുതലേ ഞങ്ങള്‍ പറയുന്നതാണ്. ഇത്തരം പ്രദേശങ്ങളില്‍ സിപിഐഎമ്മുമാര്‍ ബിഎല്‍ഒമാരെ സ്വാധീനിച്ചുകൊണ്ട് കളളവോട്ട് ചേര്‍ക്കുന്നുണ്ട്. അതിന് സാഹചര്യമൊരുക്കാനാണ് ബിഎല്‍ഒ അനീഷിനെ സിപിഐഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയത്. ബിഎല്‍ഒമാര്‍ വീടുകളില്‍ പോകുമ്പോള്‍ ബിഎല്‍എമാരെയും കൂടെ കൊണ്ടുപോകണമെന്നാണ് പറയുന്നത്. സിപിഐഎമ്മിന്റെ ബിഎല്‍എ അല്ല അനീഷിന്റെ കൂടെ പോയത്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ചന്ദ്രനും ഡിവൈഎഫ്‌ഐ നേതാവുമൊക്കെയാണ്. കോണ്‍ഗ്രസ് ബിഎല്‍എ വൈശാഖായിരുന്നു. അടുത്ത ദിവസം വൈശാഖിനെ വിളിച്ച് ഇനി കൂടെ വരേണ്ട എന്ന് പറഞ്ഞു. സിപിഐഎം ബിഎല്‍എ റഫീഖ് അനീഷിനെ ഭീഷണിപ്പെടുത്തി': മാർട്ടിൻ ജോർജ് പറഞ്ഞു.

ഇന്നലെയാണ് (നവംബർ 16) ബിഎൽഒ അനീഷിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യന്നൂര്‍ മണ്ഡലം പതിനെന്നാം ബൂത്തിലെ ഓഫീസറായിരുന്നു അനീഷ് ജോര്‍ജ്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. ജോലി സമ്മര്‍ദം മൂലം അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം മുതല്‍ പുറത്തുവന്ന വിവരം. സംഭവത്തിൽ സിപിഐഎം നേതൃത്വത്തിനെതിരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ കൂടെ കൂട്ടിയതിന് സിപിഐഎം ബിഎല്‍ഒയെ ഭീഷണിപ്പെടുത്തി. കള്ളപരാതി നല്‍കി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെ ഫോണ്‍ സംഭാഷണമുണ്ട്. ജോലി ഭാരവും സിപിഐഎമ്മിന്റെ ഭീഷണിയുമാണ് ആത്മഹത്യക്ക് കാരണം'എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്.

Content Highlights: BLO Anish George's death not due to workload, CPIM threatened BLO: Martin George

dot image
To advertise here,contact us
dot image