

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കിയ സ്പോർട്സ് ഡ്രാമ ചിത്രമാണ് ബൈസൺ. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ 65.69 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്. തിയേറ്റർ റണ്ണിന് ശേഷം ചിത്രം ഒടിടിയിൽ എത്തുകയാണ്. നവംബര്‍ 21 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്‍ട്രീമിംഗ് ആരംഭിക്കും.
മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കാണ് ധ്രുവ് നായകനാകുന്ന ബൈസണ്‍. ഏഴ് കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ട്. സിനിമയിലെ ധ്രുവ് വിക്രമിന്റെ പ്രകടനത്തിന് മികച്ച കയ്യടിയാണ് ലഭിച്ചിരുന്നത്. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും നല്ല അഭിപ്രായങ്ങൾ ഉണ്ട്. മാരി സെൽവരാജിന്റെ സ്ഥിരം പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. തിയേറ്ററിൽ ക്ലിക്കായ സിനിമയ്ക്ക് ഒടിടിയിൽ മികച്ച അഭിപ്രായം നേടാനാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.


പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും സിനിമയിൽ അണിനിരക്കുന്നു. ചിത്രത്തിന് സംഗീതം നൽകുന്നത് നിവാസ് കെ പ്രസന്നയാണ്. ഏഴിൽ അരസ് ആണ് ഛായാഗ്രഹണം. ആർട്ട് കുമാർ ഗംഗപ്പൻ, എഡിറ്റിങ് ശക്തികുമാർ. കോസ്റ്റ്യൂം ഏകൻ ഏകംബരം. ആക്ഷൻ ദിലീപ് സുബ്ബരായൻ.
Content Highlights: Dhruv Vikram's film Bison OTT streaming date out