

തിരുവനന്തപുരം: അപവാദ പ്രചരണം നടത്തിയതിലെ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബിജെപി മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നുവെന്ന് യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ ആര്‍എസ്എസ് നേതാക്കള്‍ അപവാദ പ്രചരണം നടത്തിയെന്ന് യുവതി പറഞ്ഞു. കുടുംബത്തെയും അധിക്ഷേപിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
'പുറത്ത് ഇറങ്ങി നടക്കാന്‍ കഴിയാത്ത പ്രചാരണങ്ങള്‍ നടത്തി. 10 വര്‍ഷം മുന്നേയും ഇതേ അനുഭവം ഉണ്ടായി. ഇനി മത്സരിക്കണോ വേണ്ടയോ എന്നുള്ള കാര്യം പിന്നീട് ആലോചിക്കും. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോട് പരാതി അറിയിച്ചിരുന്നു. നേതാക്കളുടെ താല്‍പര്യത്തിന് കൂട്ട് നില്‍ക്കാത്തതാണ് വൈരാഗ്യത്തിന് കാരണം', യുവതി പറഞ്ഞു.
യുവതിയെ മുന്‍സിപ്പാലിറ്റി 16ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റര്‍ ഉള്‍പ്പെടെ തയ്യാറാക്കുകയും അനൗദ്യോഗിക പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. ശേഷം നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിത്വം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതി ആനന്ദ് തിരുമലയെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവം ചര്‍ച്ചയാകുന്നതിനിടെയാണ് യുവതിയുടെ ആത്മഹത്യാശ്രമം.
Content Highlights: Women who try to died says against RSS in Thiruvananthapuram