പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുളളിമാനുകൾ ചത്ത സംഭവം: ദൃശ്യങ്ങൾ പ്രചരിച്ചതിന് ജീവനക്കാരന് സസ്‌പെൻഷൻ

വീഡിയോ ചിത്രീകരിക്കരുതെന്ന് കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും വീഴ്ച്ച സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുളളിമാനുകൾ ചത്ത സംഭവം: ദൃശ്യങ്ങൾ പ്രചരിച്ചതിന് ജീവനക്കാരന് സസ്‌പെൻഷൻ
dot image

കൊച്ചി: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പുളളിമാനുകള്‍ ചത്ത സംഭവത്തില്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനാണ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തത്. മാന്ദാമംഗലം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി കെ മുഹമ്മദ് ഷമീമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പോസ്റ്റ്‌മോര്‍ട്ടവും ജഡം മറവ് ചെയ്യുന്നതും ഉള്‍പ്പെടെയുളള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിലെ വീഴ്ച്ച ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി. സംഭവത്തില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് ഉത്തരവ്. വീഡിയോ ചിത്രീകരിക്കരുതെന്ന് കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും വീഴ്ച്ച സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെതാണ് ഉത്തരവ്.

ദിവസങ്ങൾ മുൻപാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പത്ത് മാനുകൾ ചത്തത്. ഡിയർ സഫാരി പാർക്കിനുളളിൽ നിന്ന് രണ്ട് തെരുവുനായ്ക്കളെ ജീവനക്കാർ പിടികൂടിയിരുന്നു. അതീവ സുരക്ഷാ സംവിധാനമുളള മേഖലയിൽ തെരുവുനായ്ക്കൾ കയറിയതിൽ ദുരൂഹതയുണ്ട്. ഉയരത്തിലുളള കമ്പിവേലി മറികടന്ന് തെരുവുനായ്ക്കൾ എങ്ങനെ അകത്തുകയറി എന്നതാണ് സംശയമുണർത്തുന്നത്. സംഭവം അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Content Highlights: Deers death in Puthur Zoological Park: Employee suspended for spreading footage

dot image
To advertise here,contact us
dot image