

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയ്ക്ക് തിരിച്ചടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തു. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചേക്കില്ല.
പേരൂര്‍ക്കട ലോ കോളേജിലെ നിയമവിദ്യാര്‍ത്ഥിയായ 24കാരി വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തുടക്കം മുതല്‍ ശ്രദ്ധനേടിയിരുന്നു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റും ടെക്‌നോപാര്‍ക്ക് ജീവനക്കാരിയും കൂടിയാണ് വൈഷ്ണ. ആദ്യഘട്ടത്തിൽ കവടിയാറിൽ ശബരീനാഥന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച പേരായിരുന്നു വെെഷ്ണുയുടേത്.
സ്ഥിരതാമസമുള്ള വിലാസത്തിലല്ല യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പരാതി നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നു ഒഴിവാക്കണം എന്നും കാണിച്ചായിരുന്നു സിപിഐഎം പരാതി. തുടര്‍ന്ന് ഹിയറിങ്ങിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്.
മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. സിപിഐഎം പരാതി അംഗീകരിച്ച് വൈഷ്ണയുടെ വോട്ട് നീക്കുകയായിരുന്നു. കോണ്‍ഗ്രസ് അപ്പീലുമായി പോയേക്കും.
Content Highlights: Local body election udf candidate vyshna Name removed from voter list