പാലത്തായി കേസ് അട്ടിമറിക്കാൻ ലീഗ്, SDPI പ്രവർത്തകർ ശ്രമിച്ചു; കോടതി വിധി സന്തോഷം നൽകുന്നത്: കെ കെ ശൈലജ

'പരാതി ഉണ്ടായപ്പോള്‍ പൊലീസിനോട് ഇടപെട്ട് കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു'

പാലത്തായി കേസ് അട്ടിമറിക്കാൻ ലീഗ്, SDPI പ്രവർത്തകർ ശ്രമിച്ചു; കോടതി വിധി സന്തോഷം നൽകുന്നത്: കെ കെ ശൈലജ
dot image

തിരുവനന്തപുരം: പാലത്തായി കേസിലെ വിധി സന്തോഷമുണ്ടാക്കുന്നതെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. കേസില്‍ പോരായ്മ ഉണ്ടായപ്പോള്‍ ഇടപ്പെട്ടിരുന്നുവെന്നും പരാതി ഉണ്ടായപ്പോള്‍ പൊലീസിനോട് ഇടപെട്ട് കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. കേരള പൊലീസ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കി.

കേസിലെ സര്‍ക്കാര്‍ അഭിഭാഷകരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ശൈലജ പറഞ്ഞു ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. ഒരുപാട് അപവാദ പ്രചാരണങ്ങള്‍ നടത്തി. ഇപ്പോഴും അത്തരം പ്രചാരണം നടത്തുകയാണ്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയിരുന്നുവെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയതിന് പിന്നാലെയും കെ കെ ശൈലജ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ബിജെപിക്കാരനായ പ്രതിയെ സംരക്ഷിക്കാന്‍ അന്നത്തെ സ്ഥലം എംഎല്‍എയായ താന്‍ ശ്രമിച്ചുവെന്ന് യുഡിഎഫിലെ ചിലര്‍ കള്ളക്കഥ പ്രചരിപ്പിച്ചുവെന്നും എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം തന്റെ ഒപ്പം നിന്നുവെന്നുമാണ് ശൈലജ ഫേസ്ബുക്കില്‍ കുറിച്ചത്.

വ്യാജപ്രചരണം നടത്തിയവര്‍ കേസ് അട്ടിമറിക്കാന്‍ കഴിയുമോ എന്ന് പരിശ്രമിച്ചവരാണ്. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകനായ ശ്രീജിത്തിന്റെയും സംഘത്തിന്റെയും കൃത്യമായ ഇടപെടലാണ് കോടതിയുടെ കണ്ടെത്തലിന് കാരണമായത്. ഇത്തരം കേസുകളില്‍ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കിയല്ല ഇടപ്പെടുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കിയാണെന്നും ശൈലജ വ്യക്തമാക്കിയിരുന്നു.

കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. തലശ്ശേരി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

Content Highlights: KK Shailaja on the verdict in the Palathai case

dot image
To advertise here,contact us
dot image