

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവിനെതിരെ ഉണ്ടായ ശിക്ഷാവിധി സിപിഐഎമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സംഭവമുണ്ടായപ്പോള്‍ തന്നെ അതിനെ കോണ്‍ഗ്രസും ബിജെപിയും എസ്ഡിപിഐ അടക്കമുളള തീവ്രവാദ കക്ഷികളും സിപിഐഎമ്മിനെതിരെ തിരിക്കാനാണ് ശ്രമിച്ചതെന്നും ചില മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നുണപ്രചാരകര്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ ജനവികാരം ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നും കെ കെ രാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു.
'ഒരു കൂട്ടര്‍ കൊടുംക്രിമിനലിനെ വെളളപൂശിയപ്പോള്‍ മറ്റൊരു കൂട്ടര്‍ വര്‍ഗീയ വികാരം ആളിക്കത്തിച്ച് മുതലെടുപ്പിന് ശ്രമിച്ചു. രണ്ടുപേരുടെയും ലക്ഷ്യം ഒന്നായിരുന്നു. ബിജെപി നേതാവിനെ മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോള്‍ അപവാദപ്രചാരകരുടെ വ്യാഖ്യാനങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കളളവാര്‍ത്തയും നുണകളും പ്രചരിപ്പിച്ചവര്‍ ജനങ്ങളോട് മാപ്പുപറയണം. നീതിപൂര്‍വവും വസ്തുതാപരവുമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കാന്‍ കഴിഞ്ഞത്. പോക്‌സോ കേസ് പ്രതിക്ക് സംഘപരിവാര്‍ സംഘടനകള്‍ കേസിൻ്റെ കാലയളവില്‍ നല്‍കിയ പിന്തുണ സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്': കെ കെ രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.
അൽപ്പസമയം മുൻപാണ് പാലത്തായി പീഡനക്കേസിൽ കോടതി ശിക്ഷ വിധിച്ചത്. ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയാണ് കോടതി വിധിച്ചത്. തലശ്ശേരി പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജൻ നാലാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 2020 മാർച്ച് 17 നാണ് യുപി സ്‌കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളിൽ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.
Content Highlights: cpim leader kk ragesh about palathayi pocso case court verdict