

തിരുവനന്തപുരം: പാലത്തായി കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ഇയാളെ ജോലിയില്‍ നിന്നും നീക്കം ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറിനാണ് നിര്‍ദ്ദേശം നല്‍കിയത്.
കണ്ണൂര്‍ പാലത്തായി യുപി സ്‌കൂള്‍ അധ്യാപകന്‍ പത്മരാജനെതിരായ പോക്‌സോ കേസില്‍ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ച സാഹചര്യത്തില്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ അദ്ധ്യായം XIV-A, ചട്ടം 77-A പ്രകാരമുള്ള തുടര്‍ നടപടി സ്വീകരിച്ച് ഇയാളെ സേവനത്തില്‍ നിന്നും നീക്കം ചെയ്യുന്നതിന് സ്‌കൂള്‍ മാനേജര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കുന്നതിന് ചുമതലപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ മാനേജര്‍ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
അതേസമയം, പാലത്തായി കേസിലെ വിധി സന്തോഷമുണ്ടാക്കുന്നതെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ പറഞ്ഞു. കേസില്‍ പോരായ്മ ഉണ്ടായപ്പോള്‍ ഇടപ്പെട്ടിരുന്നുവെന്നും പരാതി ഉണ്ടായപ്പോള്‍ പൊലീസിനോട് ഇടപെട്ട് കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. കേരള പൊലീസ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കി.
കേസിലെ സര്‍ക്കാര്‍ അഭിഭാഷകരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ശൈലജ പറഞ്ഞു ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. ഒരുപാട് അപവാദ പ്രചാരണങ്ങള്‍ നടത്തി. ഇപ്പോഴും അത്തരം പ്രചാരണം നടത്തുകയാണ്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയിരുന്നുവെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.
Content Highlights: Education Minister's proposal to remove Padmarajan from his job after palathayi case verdict