

തൃശൂർ: കുന്നംകുളം നഗരസഭയിൽ ഇത്തവണ ആർഎംപി തനിച്ച് മത്സരിച്ചേക്കും. സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം യുഡിഎഫുമായി മുന്നണി ചർച്ചകൾ നടന്നെങ്കിലും ആർഎംപി മുന്നണിസംവിധാനത്തിൽ മത്സരിക്കാൻ തയ്യാറല്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം ആർഎംപിയുമായി ചർച്ചകൾ നടന്നെങ്കിലും ചർച്ചകൾ ഫലം കണ്ടില്ല. വരും ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്നാണ് വിവരം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് വാർഡുകളിലാണ് ആർഎംപി വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ നാലാംവാർഡിലേക്കുള്ള സ്ഥാനാർഥിപ്പട്ടികയായി. മറ്റു വാർഡുകളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തുവരുകയാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
അതേസമയം 39 വാർഡുകളുള്ള കുന്നംകുളം നഗരസഭയിലേക്കുള്ള യുഡിഎഫ് ഘടകക്ഷികളുടെ സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ധാരണയായി. 32 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. മൂന്ന് സീറ്റിൽ സിഎംപി, രണ്ട് സീറ്റിൽ മുസ്ലിം ലീഗ്, ഓരോ സീറ്റീൽ വീതം കേരള കോൺഗ്രസ് ജോസഫ്, ജേക്കബ് വിഭാഗം സ്ഥാനാർഥികളും മത്സരിക്കും.
എന്നാൽ സിഎംപിക്ക് നൽകിയ ഒരു സീറ്റിൽ വിജയസാധ്യത കണക്കിലെടുത്ത് കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കാനും സാധ്യതയുണ്ട്. ഏതൊക്കെ വാർഡുകളാണ് ഘടകകക്ഷികൾക്ക് നൽകേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
Content Highlights: RMP may contest alone in Kunnamkulam Municipality