

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തൃക്കാക്കരയില്‍ സമവായം. സിപിഐഎം-സിപിഐ തര്‍ക്കം പരിഹരിച്ചു. ഇതോടെ ഏഴ് സീറ്റുകളില്‍ സിപിഐ മത്സരിക്കും. ജില്ലാ സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കത്തിന് പരിഹാരമായത്. തൃക്കാക്കരയില്‍ സിപിഐക്ക് ഒരു സീറ്റ് അധികമായി ലഭിച്ചു. തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഇന്നലെ നാല് സീറ്റുകളിലേക്ക് സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. 15 വാര്‍ഡുകളില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നുവെങ്കിലും തൃക്കാക്കരയില്‍ സിപിഐക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നായിരുന്നു പരാതി. മുന്നണിവിട്ട് മത്സരിക്കാന്‍ അനുമതി തേടി തൃക്കാക്കര പ്രാദേശിക നേതൃത്വം സിപിഐ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ജില്ലാ തലത്തിലും സീറ്റ് ചര്‍ച്ച വഴിമുട്ടിയതോടെ മുന്നണിവിട്ട് മത്സരിക്കാന്‍ ജില്ലാ കമ്മിറ്റിയും മൗനാനുവാദം നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന സൂചന.
Content Highlights: CPI to contest seven seats in Thrikkakara