ആവേശം തമിഴ് റീമേക്കിന് ഇനി വേറെയാളെ തേടേണ്ട, ശരത് കുമാർ പൊളിക്കും; വൈറലായി ഡ്യൂഡിലെ സീൻ

ശരത്കുമാറിന്റെ തന്നെ 'ആയ്' എന്ന സിനിമയിലെ 'മൈലാപ്പൂർ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് നടൻ ഈ സീനിലെത്തുന്നത്

ആവേശം തമിഴ് റീമേക്കിന് ഇനി വേറെയാളെ തേടേണ്ട, ശരത് കുമാർ പൊളിക്കും; വൈറലായി ഡ്യൂഡിലെ സീൻ
dot image

പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിൽ ശരത്കുമാർ അവതരിപ്പിച്ച അതിയമാൻ അഴകപ്പൻ എന്ന കഥാപാത്രം ഏറെ കയ്യടികൾ വാങ്ങിയിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ സിനിമയിലെ ശരത്കുമാറിന്റെ ഒരു സീൻ വൈറലാകുകയാണ്.

സിനിമയുടെ ഇടവേളയോട് അടുക്കുമ്പോൾ ഒരു സിംഗിൾ ഷോട്ടിൽ കയ്യിൽ ഒരു ഗ്ലാസുമായി ശരത്കുമാർ ഡാൻസ് കളിച്ച് പോകുന്ന രംഗമാണ് ഇപ്പോൾ ട്രെൻഡാകുന്നത്. ശരത്കുമാറിന്റെ തന്നെ 'ആയ്' എന്ന സിനിമയിലെ 'മൈലാപ്പൂർ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് നടൻ ഈ സീനിലെത്തുന്നത്. വലിയ കയ്യടികളോടെയാണ് തിയേറ്ററിലും ഈ സീനിനെ ജനങ്ങൾ വരവേറ്റത്. ആവേശത്തിന്റെ തമിഴ് റീമേക്ക് ചെയ്യുകയാണെങ്കിൽ വേറെ ആരെയും തേടി പോകണ്ട രംഗണ്ണനായി ശരത്കുമാർ അടിപൊളി ആണെന്നാണ് കമന്റുകൾ. അതേസമയം, ഒടിടിയിലും മികച്ച പ്രതികരണമാണ് ഡ്യൂഡിന് ലഭിക്കുന്നത്.

പുറത്തിറങ്ങി 28ാമത്തെ ദിവസമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തമിഴിലെ മമിതയുടെ ആദ്യ 100 കോടി കൂടെയാണ് സിനിമ. ആദ്യ മൂന്ന് സിനിമകളിൽ നിന്ന് ഹാട്രിക്ക് 100 കോടി നേടുന്ന ഒരു താരം എന്ന നിലയിലേക്ക് ഉയരുകയാണ് പ്രദീപ്. ഡ്യൂഡിൽ മമിത ബൈജു ചെയ്ത വേഷത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്.

സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.

Content Highlights: Sarathkumar scenes from Dude goes viral

dot image
To advertise here,contact us
dot image