അരൂര്‍ അപകടം: നിര്‍മാണ കമ്പനിക്കെതിരെ കേസ്, കുടുംബത്തിന്റെ ഏക വരുമാനമാണ് രാജേഷെന്ന് പിതാവ്

അശോക ബില്‍ഡ്‌കോണ്‍ കമ്പനിക്കെതിരെയാണ് അരൂര്‍ പൊലീസ് കേസെടുത്തത്

അരൂര്‍ അപകടം: നിര്‍മാണ കമ്പനിക്കെതിരെ കേസ്, കുടുംബത്തിന്റെ ഏക വരുമാനമാണ് രാജേഷെന്ന് പിതാവ്
dot image

ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു. അശോക ബില്‍ഡ്‌കോണ്‍ കമ്പനിക്കെതിരെയാണ് അരൂര്‍ പൊലീസ് കേസെടുത്തത്.

അപകടത്തില്‍ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്റേതാണ് കുടുംബത്തിന്റെ ഏക വരുമാനമെന്ന് പിതാവ് പ്രതികരിച്ചു. ഇന്നലെ അവസാനമായി അങ്കമാലിയില്‍ എത്തിയപ്പോള്‍ ആണ് വിളിച്ചതെന്നും പിന്നീട് ഫോണില്‍ കിട്ടിയിരുന്നില്ലെന്നും പിതാവ് പറഞ്ഞു. മരണ വാര്‍ത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും മകളുടെ അസുഖവുമായി പലപ്പോഴും ആശുപത്രിയില്‍ ആയിരുന്നെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ പോയി മുട്ട എടുത്ത് വില്‍പ്പന കഴിഞ്ഞാല്‍ പിന്നെ ഓട്ടോറിക്ഷ ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത അതോറിറ്റിയുടെ ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് രാജേഷ് ഓടിച്ച വാഹനത്തിന്റെ ഉടമ ബിജു വര്‍ഗീസ് പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആശ്രിതര്‍ക്ക് ജോലി നല്‍കണമെന്നും ബിജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. രാത്രി ഒന്‍പത് മണിക്ക് എറണാകുളത്ത് ലോഡ് ഇറക്കിയപ്പോള്‍ ആണ് അവസാനമായി വിളിച്ചതെന്നും കഠിനാധ്വാനിയായ ചെറുപ്പക്കാരനാണ് മരിച്ചതെന്നും ബിജു വര്‍ഗീസ് പറഞ്ഞു.

അതേസമയം തുറവൂരില്‍ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. രണ്ട് ലക്ഷം രൂപ കരാര്‍ കമ്പനി ഇന്ന് കൈമാറും. ബാക്കിത്തുക പിന്നീട് കൈമാറുമെന്നാണ് വിവരം. സിഎംഡിആര്‍എഫില്‍ നിന്ന് നാല് ലക്ഷം രൂപ കൈമാറുമെന്ന് ആലപ്പുഴ ജില്ലാകളക്ടര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ച മൂന്ന് മണിയോടെയാണ് ചന്തിരൂര്‍ ഭാഗത്ത് ഗര്‍ഡര്‍ വീണ് അപകടം ഉണ്ടായത്. മുട്ടയുമായി എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് ഗര്‍ഡറുകള്‍ വീഴുകയായിരുന്നു. മൂന്നര മണിക്കൂറിന് ശേഷം വാഹനം പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.

Content Highlights: Aroor accident Police take case against construction company

dot image
To advertise here,contact us
dot image