

കൊല്ലം: തനിക്കെതിരായ പോസ്റ്ററിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ. കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത ഇല്ലെന്നും ഇനിയും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നും അവർ പറഞ്ഞു. കോണ്‍ഗ്രസില്‍ കൂട്ടായ തീരുമാനമാണ് ഉണ്ടാകുന്നത്. യുഡിഎഫ് വിജയം മുന്നില്‍ കണ്ടാണ് പോസ്റ്ററുകളെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
'കൊല്ലം കോര്‍പ്പറേഷനിലെ മൂന്ന് പതിറ്റാണ്ടിന്റെ ഇടത് ദുര്‍ഭരണത്തിന് അറുതി വരുത്താന്‍ പ്രിയങ്കരനായ എ.കെ ഹഫീസിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കി വലിയൊരു അങ്കത്തിന് നാന്ദി കുറിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും ഐക്യജനാധിപത്യ മുന്നണിയും. ഇതില്‍ വിറളി പൂണ്ട് വ്യാജ പോസ്റ്ററുകളുമായി കളം പിടിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകരോട് സഹതാപം മാത്രമാണുള്ളത്. വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ടില്‍ നിന്ന് പഠിക്കാത്ത പാഠം ഇത്തവണ കൊല്ലം നിങ്ങളെ പഠിപ്പിക്കും എന്ന് മാത്രം ഉണര്‍ത്തുന്നു', ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു.
'ആസന്നമായിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കെപിസിസിയുടെ നിർദേശപ്രകാരം കോർപ്പറേഷൻ-പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വാർഡുകളിൽ നിന്നും ഡിവിഷനുകളിൽ നിന്നും വരുന്ന പേരുകളിൽ നിന്ന്, കൂട്ടായ ചർച്ചയിലൂടെ ജയസാധ്യത കൂടുതലുള്ളയാളെ കണ്ടെത്തലാണ് പ്രസ്തുത കമ്മിറ്റികളുടെ പ്രധാന ചുമതല.
കൊല്ലം കോർപ്പറേഷന്റെ ചുമതലയുള്ള മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്റ് അടക്കമുള്ള ജില്ലയിലെ മുതിർന്ന നേതാക്കളുടെ സമിതിയാണ് കോർപ്പറേഷനിലെ സ്ഥാനാർഥി നിർണയം നടത്തുന്നത്. ഓരോ ഡിവിഷനിൽ നിന്നും ഉയർന്നു വരുന്ന യോഗ്യരായ പേരുകളിൽ നിന്ന് ഒരാളെ കമ്മിറ്റി തിരഞ്ഞെടുക്കുന്നത് കൂട്ടായ ചർച്ചയ്ക്കും വിശകലനത്തിനും ശേഷം മാത്രമാണ്. ഇതൊരു കൂട്ടുത്തരവാദിത്തമാണ്, ഒരാൾക്ക് മാത്രം തീരുമാനിക്കാൻ കഴിയുന്നതല്ല.
കൊല്ലം കോർപ്പറേഷനിലെ മൂന്ന് പതിറ്റാണ്ടിന്റെ ഇടത് ദുർഭരണത്തിന് അറുതി വരുത്താൻ പ്രിയങ്കരനായ എ.കെ ഹഫീസിനെ മേയർ സ്ഥാനാർഥിയാക്കി വലിയൊരു അങ്കത്തിന് നാന്ദി കുറിച്ചിരിക്കുകയാണ് കോൺഗ്രസ് പാർട്ടിയും ഐക്യജനാധിപത്യ മുന്നണിയും. ഇതിൽ വിറളി പൂണ്ട് വ്യാജ പോസ്റ്ററുകളുമായി കളം പിടിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ പ്രവർത്തകരോട് സഹതാപം മാത്രമാണുള്ളത്. വടകരയിലെ വ്യാജ കാഫിർ സ്ക്രീൻഷോട്ടിൽ നിന്ന് പഠിക്കാത്ത പാഠം ഇത്തവണ കൊല്ലം നിങ്ങളെ പഠിപ്പിക്കും എന്ന് മാത്രം ഉണർത്തുന്നു.
സ്ത്രീ എന്ന നിലയിലും കോൺഗ്രസ് പ്രവർത്തക എന്ന നിലയിലും എന്റെ പൊതുജീവിതത്തിൽ ഞാൻ കേൾക്കേണ്ടി വന്ന അധിക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും കയ്യും കണക്കുമില്ല. വ്യക്തിഹത്യയും സൈബർ വേട്ടയും പലകുറി ഞാൻ നേരിട്ടിട്ടുണ്ട്. അതിനെയെല്ലാം എന്റെ കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും സ്നേഹവും പിന്തുണയും കൊണ്ട് ഞാൻ തരണം ചെയ്തിട്ടുണ്ട്.
കെ.എസ്.യു കാലം തൊട്ട് ഇന്ന് വരെ വിശ്രമമില്ലാതെ ഞാൻ ഓടിനടക്കുന്നത്, വിയർപ്പൊഴുക്കുന്നത്, എന്റെ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് വേണ്ടി മാത്രമാണ്. കെ.എസ്.യു കാരിയായി തുടങ്ങിയ പൊതുജീവിതത്തിൽ നിന്ന് ഒരിക്കൽ പോലും ഞാൻ മാറിനിന്നിട്ടില്ല. അന്ന് കയ്യിലേന്തിയ അതേ പതാക ഹൃദയത്തോട് ചേർത്ത് പിടിച്ചാണ് ഇന്നും പൊതുരംഗത്ത് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ എന്റെ കോൺഗ്രസ് അസ്ഥിത്വത്തെ ചോദ്യം ചെയ്യാനോ അളക്കാനോ ആരും മുതിരേണ്ടതില്ല. മരണം വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എളിയ പ്രവർത്തകയായി, വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹം പടർത്തുന്ന ശ്രീ. രാഹുൽ ഗാന്ധിയുടെ ഏജന്റായി പ്രവർത്തിക്കണമെന്ന് മാത്രമാണ് എന്റെ ആഗ്രഹവും അഭിലാഷവും നിശ്ചയദാർഢ്യവും', ബിന്ദു കൃഷ്ണ കുറിച്ചു.
കൊല്ലം ഡിസിസിയ്ക്ക് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്നാണ് പോസ്റ്ററിലെ ചോദ്യം. താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വെച്ച് 'താമര ബിന്ദു' എന്ന് കുറിച്ചുകൊണ്ടുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.
95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂര്‍ വിളയില്‍ എന്‍എസ്എസിന് എന്ത് കാര്യമെന്നും കുറിച്ചിട്ടുണ്ട്. കൊല്ലത്ത് മത്സരിക്കാന്‍ സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലുര്‍ വിളയും വിറ്റത് ബിന്ദു കൃഷ്ണയോ?, ബിന്ദു കൃഷ്ണയുടെ ബിസിനസ് പാര്‍ട്ണര്‍ക്ക് നല്‍കാനുള്ളതല്ല കൊല്ലൂര്‍വിള സീറ്റ്, ജനറല്‍ സീറ്റില്‍ ദീപ്തി മേരി വര്‍ഗ്ഗീസിന് ആകാമെങ്കില്‍ ഹംസത്ത് ബീവിയ്ക്കും ആകാം എന്നിങ്ങനെ പോസ്റ്ററുകളും കൊല്ലം ഡിസിസിയ്ക്ക് മുന്നിലുണ്ടായിരുന്നു.
മധ്യപ്രദേശില്‍ സിന്ധ്യയെങ്കില്‍ കേരളത്തിലെ ഒറ്റുകാരിയാണ് ബിന്ദുകൃഷ്ണ, കോയിക്കല്‍ സീറ്റ് വിറ്റെന്നും ക്യാഷ് വാങ്ങിയാണോ കോണ്‍ഗ്രസ് ജയിക്കുന്ന സീറ്റ് വിറ്റതെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. പോസ്റ്റര്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീറിക്കളഞ്ഞു.
Content Highlights: bindu krishna on poster against her