

ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ കൊൽക്കത്തയിൽ തുടക്കമാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു അത്യപൂർവ കാഴ്ചയ്ക്ക് കൂടിയാകും സാക്ഷ്യമാകുക. കെ എൽ രാഹുൽ, റിഷഭ് പന്ത്, ധ്രുവ് ജുറൽ എന്നീ മൂന്ന് വിക്കറ്റ് കീപ്പർമാരുമായാണ് ടീം ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുക.
ടീമിന്റെ സ്ഥിരം ഓപ്പണറായ കെ എൽ രാഹുലും പരിക്കേറ്റ് തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ റിഷഭ് പന്തും ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതോടെ ജുറേലിന് അവസരം ലഭിക്കില്ലെന്നായിരുന്നു കണക്കുകൂട്ടൽ.
എന്നാൽ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ചതുർദിന ടെസ്റ്റിൽ മിന്നും ഫോമിൽ തിളങ്ങിയതോടെ ഇരുപത്തിനാലുകാരൻ താരത്തെയും ടീമിൽ ഉൾപ്പെടുത്താൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സഹ പരിശീലകൻ റിയാന്‍ ടെന്‍ ഡോഷെറ്റെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
മധ്യനിര ബാറ്ററുടെ റോളിലാകും ജുറേൽ കളിക്കുക. ഇക്കഴിഞ്ഞ വെസ്റ്റിൻഡീസ് പരമ്പരയിൽ പന്തിന്റെ അഭാവത്തിൽ ജുറലായിരുന്നു വിക്കറ്റ് കീപ്പറായത്. ജുറൽ എത്തുമ്പോൾ സായ് സുദർശൻ പുറത്താകും.
Content Highlights: Three wicketkeepers in one team!; India vs South Africa