മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് അച്ഛനെ തൊഴില്‍ വിലക്കിയ സംഭവം; ഐഎന്‍ടിയുസിയില്‍ കൂട്ടരാജി

രാജിവെച്ച ഒമ്പതുപേര്‍ സിഐടിയുവില്‍ ചേര്‍ന്നു

മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് അച്ഛനെ തൊഴില്‍ വിലക്കിയ സംഭവം; ഐഎന്‍ടിയുസിയില്‍ കൂട്ടരാജി
dot image

കല്‍പറ്റ: വയനാട് മുള്ളന്‍കൊല്ലിയില്‍ മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് അച്ഛനെ തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കിയ നടപടിക്ക് പിന്നാലെ ഐഎന്‍ടിയുസിയില്‍ കൂട്ടരാജി. മുള്ളന്‍കൊല്ലി 18-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി ആര്‍ വിഷ്ണുവിന്റെ പിതാവ് രാജനാണ് തൊഴില്‍ വിലക്ക് നേരിട്ടത്. ഇതില്‍ പ്രതിഷേധിച്ച് രാജിവെച്ച ഐഎന്‍ടിയുസി തൊഴിലാളികളായിരുന്ന ഒമ്പതുപേര്‍ സിഐടിയുവില്‍ ചേര്‍ന്നു. ഐഎന്‍ടിയുസിയിലെ ചുമട്ട് തൊഴിലാളിയായിരുന്നു രാജന്‍. കഴിഞ്ഞ ദിവസം രാജനെ ഒരു നേതാവ് വിളിച്ച് ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു.

22 വര്‍ഷമായി ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ് താനെന്ന് രാജന്‍ നേരത്തെ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. മകനെ സ്ഥാനാര്‍ത്ഥി ആക്കിയതിലാണ് തന്നെ വിലക്കിയതെന്നും താന്‍ കോണ്‍ഗ്രസിനെതിരെയോ ഐഎന്‍ടിയുസിക്ക് എതിരെയോ പ്രവര്‍ത്തിച്ചിട്ടില്ലെന്നും രാജന്‍ പറഞ്ഞിരുന്നു. മകന്റെ രാഷ്ട്രീയം മകന്റെ സ്വാതന്ത്ര്യമാണെന്നും രാജന്‍ പ്രതികരിച്ചിരുന്നു.

താന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അച്ഛനെ പണിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നാണ് പറയുന്നതെന്ന് മകന്‍ വിഷ്ണുവും പ്രതികരിച്ചിരുന്നു. താന്‍ കാണുന്നതുമുതല്‍ അച്ഛന്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനാണെന്നും വിഷ്ണു പറഞ്ഞിരുന്നു.

Content Highlights: Mass resignations at INTUC following father's ban from working after son becomes LDF candidate

dot image
To advertise here,contact us
dot image