ഗര്‍ഡര്‍ വീണുണ്ടായ അപകടം; മരിച്ച രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് ഗര്‍ഡറുകള്‍ വീഴുകയായിരുന്നു

ഗര്‍ഡര്‍ വീണുണ്ടായ അപകടം; മരിച്ച രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
dot image

ആലപ്പുഴ: തുറവൂരില്‍ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. രണ്ട് ലക്ഷം രൂപ കരാര്‍ കമ്പനി ഇന്ന് കൈമാറും. ബാക്കിത്തുക പിന്നീട് കൈമാറുമെന്നാണ് വിവരം. സിഎംഡിആര്‍എഫില്‍ നിന്ന് നാല് ലക്ഷം രൂപ കൈമാറുമെന്ന് ആലപ്പുഴ ജില്ലാകളക്ടര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ച മൂന്ന് മണിയോടെയാണ് ചന്തിരൂര്‍ ഭാഗത്ത് ഗര്‍ഡര്‍ വീണ് അപകടം ഉണ്ടായത്. മുട്ടയുമായി എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് ഗര്‍ഡറുകള്‍ വീഴുകയായിരുന്നു. മൂന്നരമണിക്കൂറിന് ശേഷം വാഹനം പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.

സംഭവത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വിശദമായി പരിശോധിക്കാനും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ആവശ്യമായ എല്ലാ തുടര്‍നടപടികളും സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ദേശീയപാത നിര്‍മാണത്തിന്റെ കരാര്‍ കമ്പനിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഇതു സംബന്ധിച്ച് ശക്തമായ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനായി ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുന്നതായിരിക്കുമെന്നും കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചു.

സംഭവത്തില്‍ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയും രംഗത്തെത്തി. ഗര്‍ഡര്‍ സ്ഥാപിക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കേണ്ടതായിരുന്നുവെന്നും കൂടുതല്‍ സുരക്ഷാനടപടികള്‍ ഉണ്ടാകാതെ പോയത് വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്നായിരുന്നു കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. അപകടം ഏത് സമയത്തും ഉണ്ടാകുമെന്ന പേടിയിലായിരുന്നു തങ്ങളെല്ലാവരും. മുമ്പും ഇത്തരത്തില്‍ ഗര്‍ഡര്‍ വീണിരുന്നു. ആളില്ലാത്തതിനാല്‍ അന്ന് അപകടം ഒഴിവായി. അപകടം ഉണ്ടാവുമെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. നാല് തവണയെങ്കിലും കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. കളക്ട്രേറ്റില്‍ യോഗം വിളിച്ചുകൂട്ടി സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.

Content Highlights: girder accident Compensation announced for the family of Rajesh

dot image
To advertise here,contact us
dot image