സ്വർണ്ണ തളികയിൽ ഭക്ഷണം കഴിച്ചിരുന്ന സൂപ്പർസ്റ്റാർ, പക്ഷേ കൊലപാതക കേസിൽ ജയിലിലായി; ആരാണ് എം കെ ത്യാഗരാജ ഭാഗവതർ?

കാന്തയിൽ ദുൽഖർ അവതരിപ്പിക്കുന്ന കഥാപാത്രം യഥാർത്ഥത്തിൽ ആരായിരുന്നു? ഇതൊരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണോ? ചോദ്യങ്ങളുമായി പ്രേക്ഷകർ

സ്വർണ്ണ തളികയിൽ ഭക്ഷണം കഴിച്ചിരുന്ന സൂപ്പർസ്റ്റാർ, പക്ഷേ കൊലപാതക കേസിൽ ജയിലിലായി; ആരാണ് എം കെ ത്യാഗരാജ ഭാഗവതർ?
dot image

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കാന്ത'യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്ന കഥാപാത്രം യഥാർത്ഥത്തിൽ ആരായിരുന്നു. ഇതൊരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് പ്രേക്ഷകർ ചോദിക്കുന്നത്. ട്രെയ്‌ലർ റിലീസ് ആയതോടെ ഇത് തമിഴ് സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ എം കെ ത്യാഗരാജ ഭാഗവതറിന്റെ ജീവിതകഥയാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ചിത്രത്തിൽ ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തുന്നുവെന്നും ചിത്രത്തിൻ്റെ റീലീസ് തടയണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിൻ്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതോടെ എം കെ ത്യാഗരാജ ഭാഗവതർ എന്ന തമിഴ് സിനിമ കണ്ട ആദ്യ സൂപ്പർ സ്റ്റാർ ആരാണ് എന്ന് തിരയുന്ന തിരക്കിലാണ് സിനിമാ പ്രേമികൾ.

Dulquer Salmaan in Kaantha

എം കെ ത്യാഗരാജ ഒരു നടൻ മാത്രമായിരുന്നില്ല കർണാടിക് സംഗീതത്തിൽ പ്രാഗത്ഭ്യം തെളിച്ച മികച്ചൊരു ഗായകൻ കൂടിയായിരുന്നു. 1934ൽ 'പാവലക്കൊടി' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനയരംഗത്തേക്കുള്ള പ്രവേശനം. നായകന്മാർ സ്വന്തം പാട്ടുകൾ പാടേണ്ടിയിരുന്ന അക്കാലത്ത്, അദ്ദേഹത്തിന്റെ ശബ്ദം, തോളോളം നീളമുള്ള മുടി, എന്നിവ അദ്ദേഹത്തെ ഒരു സെൻസേഷനാക്കി മാറ്റി. തന്റെ കരിയറിൽ അദ്ദേഹം ഏകദേശം 15 ചിത്രങ്ങളിൽ അഭിനയിച്ചു, അതിൽ ആറ് എണ്ണം വൻ വിജയമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത ചിത്രമായ 'ഹരിദാസ്' (1944) ചെന്നൈയിലെ ബ്രോഡ്‌വേ തിയേറ്ററിൽ തുടർച്ചയായി മൂന്ന് വർഷം പ്രദർശിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു. ആ റെക്കോർഡ് പിന്നീട് തകർത്തത് സൂപ്പർസ്റ്റാർ രജിനികാന്ത് ആയിരുന്നു. 'ചന്ദ്രമുഖി' ചെന്നൈയിലെ ശാന്തി തിയേറ്ററിൽ 890 ദിവസം പ്രദർശനം നടത്തി ചരിത്രം സൃഷ്ടിച്ചു.

M K Thyagaraja Bhagavathar movies

സിനിമകൾ എല്ലാം സൂപ്പർഹിറ്റ് ആയതോടെ സ്റ്റാർ എന്ന പദവിയിൽ ത്യാഗരാജ ഭാഗവതർ സന്തോഷം കണ്ടെത്തി. ഒരുപാട് ആരാധകരുള്ള ധനികനായ നടനായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. ഭക്ഷണം കഴിക്കാൻ സ്വർണ്ണ തളിക വരെ ത്യാഗരാജ ഭാഗവതർ തയ്യാറാക്കി. അങ്ങനെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് എം കെ ത്യാഗരാജയുടെ ജീവിതത്തെ മാറ്റി മറിച്ച ആ സംഭവം ഉണ്ടാകുന്നത്. പത്രപ്രവർത്തകനായ ലക്ഷ്മികാന്തന്റെ കൊലപാതക കേസിൽ ഭാഗവതരും സഹനടൻ എൻ എസ് കൃഷ്ണനും അറസ്റ്റിലായി. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് എഴുതിയ പത്രപ്രവർത്തകനെ ത്യാഗരാജ ഗുണ്ടകളെ വിട്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ 27 മാസങ്ങൾ അദ്ദേഹത്തിന്റെ കരിയറിനെ തകർത്തു. പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും, നഷ്ടപ്പെട്ട താരപദവി തിരിച്ചുപിടിക്കാൻ സാധിച്ചില്ല.

M K Thyagaraja Bhagavathar photo

ജയിൽ മോചിതനായ ശേഷം, അഞ്ച് സിനിമകളിൽ കൂടി അഭിനയിച്ചെങ്കിലും, ഒന്നുപോലും വിജയിച്ചില്ല. അദ്ദേഹത്തിന്റെ അവസാന ചിത്രമായ 'ശിവഗാമി' വാണിജ്യപരമായി പരാജയപ്പെട്ടു. ഒരുകാലത്ത് ആരാധകരുടെ പിന്തുണയോടെ ജീവിച്ച നടൻ അവസാനനാളുകളിൽ ദാരിദ്ര്യത്തിലും നിരാശയിലുമാണ് കഴിഞ്ഞത്. 1959ൽ ത്യാഗരാജ ഭാഗവതർ മരണത്തിന് കീഴടങ്ങി.

ദുൽഖർ സൽമാൻ കാന്തയിൽ അവതരിപ്പിക്കുന്ന കഥാപാത്രം ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ച് അദ്ദേഹത്തിൻ്റെ കുടുംബം മദ്രാസ് ഹൈക്കോടതി വഴി ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാൽ അത് തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് നിർമാതാവ് റാണ ദഗ്ഗുബാട്ടി വ്യക്തമാക്കുന്നത്. പറഞ്ഞ ദിവസം തന്നെ കാന്ത തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 14ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് റാണ പറയുകയുണ്ടായി. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് കാന്ത നിർമിച്ചിരിക്കുന്നത്.

M K Thyagaraja Bhagavathar movie still

പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചിരുന്നത്. സെൽവമണി സെൽവരാജാണ് കാന്തയുടെ സംവിധായകൻ. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഘർഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Also Read:

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

Content Highlights: Who is old tamil cinema superstar M K Thyagaraja Bhagavathar

dot image
To advertise here,contact us
dot image