ഒടുവില്‍ തീര്‍പ്പ്; അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിക്കുന്നു

ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയും മരവിപ്പിക്കും

ഒടുവില്‍ തീര്‍പ്പ്; അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിക്കുന്നു
dot image

വാഷിങ്ടണ്‍: അമേരിക്കയില്‍ 40 ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട് ഷട്ട്ഡൗണ്‍ അവസാനിക്കുന്നു. സെനറ്റില്‍ ഒത്തുതീര്‍പ്പായതോടെയാണ് അടച്ചുപൂട്ടല്‍ അവസാനിക്കുന്നത്. ജനുവരി 31 വരെ ധനവിനിയോഗത്തിന് അനുമതിയായി. ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ഇപ്പോഴില്ല. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയും മരവിപ്പിക്കും. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഉടനുണ്ടാകും.

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാര്‍ ഉടന്‍ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഞായറാഴ്ച പറഞ്ഞിരുന്നു. സ്തംഭനാവസ്ഥ ഉടന്‍ അവസാനിക്കുമെന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ രാജ്യത്തെ പലമേഖലകളെയും ബാധിച്ചിട്ടുണ്ട്. ഷട്ട് ഡൗണിന്റെ ഭാഗമായി അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. ഇതോടെ അമേരിക്കയില്‍ 5,000ത്തിലധികം വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കൂട്ട അവധിയാണ് വിമാന സര്‍വീസുകള്‍ കുറയ്ക്കാനിടയാക്കിയത്.

ഒക്ടോബര്‍ ഒന്നിനായിരുന്നു അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്. അടച്ചുപൂട്ടലിന് ശേഷം അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.1981 ന് ശേഷം അമേരിക്കയില്‍ നിലവില്‍ വന്ന പതിനഞ്ചാം ഷട്ട്ഡൗണ്‍ ആണിത്.

2018-19 വര്‍ഷത്തെ ഷട്ട്ഡൗണില്‍ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ 12 വാര്‍ഷിക അപ്രോപ്രിയേഷന്‍ ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോണ്‍ഗ്രസില്‍ പാസാകാതെയോ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പിടാതെയോ വരുമ്പോഴാണ് സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടുന്നത്.

നിലവില്‍ ആരോഗ്യ മേഖലയില്‍ നല്‍കി വരുന്ന ധനസഹായം സംബന്ധിച്ചാണ് ഡെമോക്രാറ്റിക്- റിപ്പബ്ലിക് പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. ഇതില്‍ ഒബാമ കെയറിന് നല്‍കുന്ന സബ്സിഡിയാണ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ചൊടിപ്പിച്ചത്. ഇത് ഈ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ സബ്സിഡി നിലനിര്‍ത്തണമെന്നാണ് ഡെമോക്രാറ്റ്സിന്റെ വാദം. ഈ നിലയില്‍ അല്ലെങ്കില്‍ സഹകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: shut down in america is poised to end

dot image
To advertise here,contact us
dot image