ആലപിച്ചത് മതസൗഹാർദത്തിന്റെ അർത്ഥവത്തായ വരികൾ; ഗണഗീതവിവാദം കുട്ടികളിൽ മാനസികാഘാതം ഉണ്ടാക്കിയെന്ന് സ്കൂൾ

വിദ്യാഭ്യാസമന്ത്രിയുടേത് കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയെന്നും ആരോപണം

ആലപിച്ചത് മതസൗഹാർദത്തിന്റെ അർത്ഥവത്തായ വരികൾ; ഗണഗീതവിവാദം കുട്ടികളിൽ മാനസികാഘാതം ഉണ്ടാക്കിയെന്ന് സ്കൂൾ
dot image

കൊച്ചി: ബെംഗളൂരു-കൊച്ചി വന്ദേഭാരതില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഇളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍. വിവാദം കുട്ടികളില്‍ വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും ബാലാവകാശകമ്മീഷന്‍ കേസെടുക്കണമെന്നും പ്രിന്‍സിപ്പല്‍ കെ പി ഡിന്റോ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസമന്ത്രിയുടേത് കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഇതില്‍ ഒരുപോലെ വിഷമത്തിലാണ്. ഗാനം ആലപിച്ചതില്‍ മതവും രാഷ്ട്രീയവുമില്ല. ദേശീയ പരിപാടിയില്‍ ദേശഭക്തിഗാനമല്ലേ ചൊല്ലേണ്ടത്. മതസൗഹാര്‍ദത്തിന്റെ അര്‍ത്ഥവത്തായ വരികളാണ് കുട്ടികള്‍ ആലപിച്ചത് എന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഗാനം ആലപിക്കുന്ന വീഡിയോ റെയില്‍വെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചപ്പോള്‍ കുട്ടികള്‍ക്ക് വലിയ സന്തോഷമായിരുന്നു. അത് പിന്‍വലിച്ചപ്പോള്‍ വിഷമം തോന്നി. കുട്ടികളുടെ പ്രയാസം റെയില്‍വെയെ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്നാകാം പിന്‍വലിച്ച വീഡിയോ രണ്ടാമതും പങ്കുവെച്ചതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

വന്ദേഭാരതില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചതില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. സംഭവം അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് വിലയിരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയത്. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു.

Content Highlights: vande bharat Gana Geeta controversy has left children mentally traumatized said kochi school

dot image
To advertise here,contact us
dot image