

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോർപ്പറേഷന്റെ അവസ്ഥ ജനങ്ങൾക്കറിയാമെന്നും ഇതുപോലൊരു അഴിമതിക്കാരിയും ഭരണ സമിതിയും വേറെയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നല്ലൊരു മേയർ ആയിരിക്കും എന്നായിരുന്നു പ്രതീക്ഷ. നേരം വെളുക്കും വരെ കക്കുന്ന പരിപാടിയാണ് അവർ നടത്തിയത്. അഞ്ച് വർഷം ഇതായിരുന്നു നടന്നത്. ആറ്റുകാൽ ഭഗവതിയെ വരെ പറ്റിച്ച് കാശുണ്ടാക്കി. പൊങ്കാല നടന്നില്ലെങ്കിലും പൈസ വെട്ടിച്ചെടുക്കാൻ പ്രശ്‌നമുണ്ടായിരുന്നില്ല. എണ്ണിയാൽ ഒടുങ്ങാത്ത അഴിമതിയാണ് അഞ്ച് കൊല്ലം നടന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
അനന്തപുരി മഹത്തായ ഒരു പൈതൃക നഗരമാണ്. നഗരത്തിന്റെ ദുരവസ്ഥയെ അറിയാൻ ഒരു മണിക്കൂർ മഴ പെയ്താൽ മതി. പരിഹരിക്കാം എന്ന് പറഞ്ഞതൊന്നും ഇതുവരെ നടന്നില്ല. കേന്ദ്ര ഫണ്ട് അടിച്ചുമാറ്റി. ഭരണസമിതിയുടെ മുഖമുദ്ര അഹങ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ 35 സീറ്റ് നേടി ബിജെപി പ്രധാന പ്രതിപക്ഷമായി. ഇത്തവണ ജനങ്ങൾ ബിജെപിയെ അധികാരത്തിൽ എത്തിക്കും. ചില ആളുകൾ സ്ഥാനാർഥികളെ നേരത്തെ തീരുമാനിച്ചു. അതിൽ ബിജെപി ബേജാറാവേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിനായി കെ മുരളീധരൻ ചുമതല ഏറ്റെടുത്തത് സിപിഐഎമ്മിനെ സഹായിക്കാനാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തൃശ്ശൂരിൽ സംഭവിച്ചത് തിരുവനന്തപുരത്തും സംഭവിക്കും. നല്ലൊരു മുതിർന്ന നേതാവാണ് അദ്ദേഹം എന്നാൽ സ്വന്തം അനുഭവത്തിൽ നിന്ന് ഒന്നും പഠിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം വി എസ് അച്യുതാനന്ദന്റെ കാലത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം മോഷ്ടിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു. അച്യുതാനന്ദൻ മഹാനായ നേതാവ് എന്ന് ഇന്ന് എല്ലാരും പറയുന്നു. മരണശേഷം ആരും കുറ്റം പറയാറില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ടിപ്പു സുൽത്താന് സമമാണ്. പിണറായി വിജയൻ ഒന്നാന്തരം കൊള്ളക്കാരനാണ്. പ്രൊഫഷണൽ കള്ളന്മാരെ പോലെയാണ് സ്വർണക്കൊള്ള നടന്നത്. ഒരുമാസം കൂടി വൈകിയെങ്കിൽ വിഗ്രഹവും അടിച്ചുമാറ്റിയേനെ. പിണറായി വിജയന് സ്വർണം ദൗർബല്യമാണ്. സ്വർണ്ണം എവിടെ ഉണ്ടെങ്കിലും ചാടി വീഴുമെന്നും സുരേന്ദ്രൻ പറഞ്ഞു.
'കവടിയാർ ഡിവിഷനിൽനിന്നും കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന കെ എസ് ശബരീനാഥൻ നല്ലൊരു ചെറുപ്പക്കാരനാണ്. എന്നാൽ അദ്ദേഹം സ്വന്തം പിതാവ് ജയിച്ച മണ്ഡലത്തിൽവരെ തോറ്റ ആളാണ്. ആ ശബരിയാണ് അവരുടെ മേയർ സ്ഥാനാർത്ഥി. ഒന്നും പറയുന്നില്ല, മലർപ്പൊടിക്കാരന്റെ സ്വപ്‌നം' കെ സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും സുരേന്ദ്രൻ സംസാരിച്ചു. രാഹുൽ ഗാന്ധി അർബൻ നെക്‌സലുകളുടെ തോഴനാണ്. ദേശത്തെ വിഭജിക്കുന്നവരുടെ തോഴനാണ്. എണ്ണം തികഞ്ഞ രാജ്യദ്രോഹിയാണ് രാഹുൽ. തുക്കട തുക്കടേ ഗ്യാങിന്റെ തലവനാണ് അദ്ദേഹമെന്നും സുരേന്ദ്രൻ വിമർശിച്ചു.
മതാടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിർത്താനുള്ള ബിജെപി നീക്കം സംബന്ധിച്ചും കെ സുരേന്ദ്രൻ പ്രതികരിച്ചു. ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ നിർത്തുന്നത് എൽഡിഎഫും യുഡിഎഫുമാണ്. ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കുത്തകയാണോ?. എല്ലാ പാർട്ടിക്കാരും ചെയ്യുന്നത് തന്നെയാണ് നമ്മളും ചെയ്യുന്നത്. പ്രചരിക്കുന്ന സർക്കുലർ തങ്ങൾ കണ്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Content Highlights : BJP leader K Surendran Against thiruvananthapuram corporation and Arya Rajendran