'കേരളത്തിന് നല്‍കാനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കും'; കേന്ദ്രം സുപ്രീംകോടതിയില്‍

എസ്എസ്എ ഫണ്ട് നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി

'കേരളത്തിന് നല്‍കാനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കും'; കേന്ദ്രം സുപ്രീംകോടതിയില്‍
dot image

ന്യൂഡല്‍ഹി: കേരളത്തിന് നല്‍കാനുള്ള സര്‍വ്വശിക്ഷാ അഭിയാന്‍ ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തടഞ്ഞുവെച്ച ഫണ്ട് നല്‍കുമെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പ്. സംസ്ഥാനത്തെ സ്‌പെഷ്യൽ അധ്യാപകരുടെ നിയമനം സംബന്ധിച്ച കേസിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണായക നിലപാട് അറിയിച്ചത്.

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം കേരളം നടപ്പാക്കാനിരിക്കെയാണ് എസ്എസ്എ ഫണ്ടില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന നിലപാടെടുത്തത്. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയനുസരിച്ച് ലഭിക്കേണ്ട തുക കേരളത്തിന് നല്‍കും. ഇത് ഉടന്‍ നല്‍കുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചത്. എസ്എസ്എ ഫണ്ട് നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.

സ്‌പെഷല്‍ അധ്യാപകരുടെ സ്ഥിരം നിയമനം നടത്താനാകാത്തത് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവെച്ചത് കാരണമാണെന്ന് കേരളം നേരത്തെ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. സ്‌പെഷ്യല്‍ അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ആവശ്യമായ നടപടി സമയ ബന്ധിതമായി സ്വീകരിക്കണമെന്ന് സംസ്ഥാനത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന് സ്‌പെഷ്യൽ അധ്യാപകര്‍ സംസ്ഥാനത്ത് ആവശ്യമുണ്ട്.

അതിന് ഫണ്ട് അനിവാര്യമാണെന്നും നിയമന നടപടികള്‍ നടത്താതിരിക്കാനാവില്ലെന്നുമാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. നിയമന നടപടികള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ജനുവരി 31നകം അറിയിക്കണം എന്നും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

Content Highlights: Central Government informed Supreme Court that ssa funds given to Kerala soon

dot image
To advertise here,contact us
dot image