

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകന്‍ കൊലപ്പെടുത്തിയത് ക്രൂരമായി. ആദ്യം കൈഞരമ്പ് മുറിക്കുകയും അതിന് ശേഷം കഴുത്തറക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാനും ഇയാള്‍ ശ്രമം നടത്തി. ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു നേമം കല്ലിയൂരില്‍ അതിദാരുണമായ കൊലപാതകം നടന്നത്. മുന്‍ സൈനികന്‍ കൂടിയായ അജയകുമാറാണ് അമ്മ വിജയകുമാരിയെ കൊലപ്പെടുത്തിയത്.
മദ്യത്തിന് അടിമയായിരുന്നു അജയകുമാര്‍. മദ്യമുക്തി കേന്ദ്രത്തില്‍ ഇയാളെ പലതവണകളിലായി പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മദ്യപാനം തുടര്‍ന്നു. മദ്യപാനത്തെ ചൊല്ലി അജയകുമാറും വിജയകുമാരിയും തമ്മില്‍ സ്ഥിരം തര്‍ക്കമുണ്ടായിരുന്നു. ഇത്തരത്തിലുള്ള തര്‍ക്കമാണ് അരുംകൊലയില്‍ കലാശിച്ചത്. ഇന്നലെ രാത്രി അജയകുമാര്‍ ഒരു കുപ്പി മദ്യം കുടിച്ച് തീര്‍ത്തിരുന്നു. മറ്റൊരു കുപ്പി കൂടി കുടിക്കാന്‍ തുടങ്ങിയതോടെ വിജയകുമാരി തടഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും അജയകുമാര്‍ വിജയകുമാരിയെ ആക്രമിക്കാന്‍ തുനിയുകയും ചെയ്തു. ഭയന്ന വിജയകുമാരി വീട്ടില്‍ നിന്ന് ഇറങ്ങിയോടി. കിണറിന്റെ ഭാഗത്തുവെച്ചാണ് ആക്രമിച്ചത്.
നിലത്തുവീണ വിജയകുമാരിയുടെ കൈഞരമ്പ് അജയകുമാര്‍ ആദ്യം മുറിച്ചു. പിന്നാലെ കഴുത്തറുത്തു. നിലവിളി കേട്ട് സമീപവാസികള്‍ നേമം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നേമം പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും വിജയകുമാരി കൊല്ലപ്പെട്ടിരുന്നു. വിജയകുമാരി കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു. നേമത്ത് ഓട്ടോ ഡ്രൈവറുടെ തല അടിച്ചുപൊട്ടിച്ച കേസിലെ പ്രതിയാണ് അജയകുമാര്‍.
Content Highlights- Man trying to burn body of mother after brutally killed her in thiruvananthapuram