

സ്ത്രീകള്‍ക്ക് സ്വര്‍ണാഭരണങ്ങളോടുള്ള പ്രിയം എല്ലാവര്‍ക്കുമറിയാവുന്നതാണ്. കല്യാണങ്ങൾക്കും ആഭരണങ്ങള്‍ ധാരാളം അണിയുക എന്നത് ഒരു രീതിയുമായിരുന്നു. എന്നാൽ കാലംമാറിയതോടെ കാഴ്ചപ്പാടുകളും മാറി. അധികം സ്വർണം ധരിക്കാതെ, ലളിതമായി കല്യാണം നടത്താനാണ് പലരും ഇന്ന് ആഗ്രഹിക്കുന്നത്. ഒരു ഗ്രാമം അങ്ങനെയൊരു തീരുമാനം എടുത്താലോ?
ഡെറാഡൂൺ ജില്ലയിലെ യമുന, ടൺസ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാന്തർ, ഇന്ദ്രാണി ഗ്രാമങ്ങളാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. സ്വർണാഭരണങ്ങള്‍ വിവാഹത്തിന് അണിയേണ്ടെന്നല്ല, പരിമിതമാക്കാനാണ് പഞ്ചായത്ത് തീരുമാനം. ഇനിമുതൽ വിവാഹങ്ങളിൽ സ്ത്രീകൾ മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കരുതെന്നും, അങ്ങനെ ധരിച്ചാൽ 50,000 രൂപ പിഴ ചുമത്തുമെന്നുമാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.
മൂക്കുത്തി, കമ്മൽ, താലിമാല എന്നിവ ധരിക്കാൻ മാത്രമാണ് സ്ത്രീകൾക്ക് അനുമതിയുള്ളത്. നിരവധി സ്ത്രീകൾ മറ്റുള്ളവരെ കണ്ടും അവരുടെ വാക്കുകൾ കേട്ടും സ്വർണ്ണം വാങ്ങാൻ വാശിപിടിക്കുകയാണെന്നും ഇത് കലഹങ്ങളിലേക്കും സാമ്പത്തിക ദുർബലാവസ്ഥയിലേക്കും കുടുംബങ്ങളെ കൊണ്ടെത്തിക്കുന്നുവെന്നുമാണ് പഞ്ചായത്ത് നിരീക്ഷിച്ചത്. അതിനാലാണ് പഞ്ചായത്ത് സ്വർണം കുറയ്ക്കാൻ തീരുമാനിച്ചതും നിയമം ലംഘിക്കുന്നവർക്ക് പിഴയീടാക്കാൻ തീരുമാനിച്ചതും.
എന്നാൽ ഇതിനെതിരെ ചില സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്. പുരുഷന്മാർ മദ്യപിക്കുന്നതും പല കലഹങ്ങൾക്കും കാരണമാകുന്നുണ്ട് എന്നും സ്വർണത്തിന് നിയന്ത്രണം കൊണ്ടുവന്നതുപോലെ മദ്യത്തിനും നിയന്ത്രണം വേണമെന്നുമാണ് അവരുടെ വാദം. സ്വർണം ഒരു നിക്ഷേപം കൂടിയാണ്. എന്നാൽ മദ്യം അങ്ങനെയാണോ എന്നാണ് അവർ ചോദിക്കുന്നത്.
ഈ വാദത്തെ ചില പുരുഷന്മാരും പിന്തുണയ്‌ക്കുന്നുണ്ട്. സ്ത്രീകൾ ഉന്നയിക്കുന്ന ഇക്കാര്യം പഞ്ചായത്ത് പരിഗണിക്കണമെന്നും ഒരു തീരുമാനം ഉടൻ വേണമെന്നുമാണ് ചില പുരുഷന്മാരുടെ ആവശ്യം. പട്ടികവർഗ മേഖലയായ ജവുൻസറിലാണ് കാന്തർ, ഇന്ദ്രാണി എന്നീ ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തുകളുടെ തീരുമാനമാണ് ഇവിടെ അന്തിമം.
Content Highlights: gold leads to problems, village resticts wearing gold for women