

കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ജിസിഡിഎയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായസംഹിതയിലെ 131, 329(3),189(2),190 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്നതായി എഫ്‌ഐആറില്‍ പറയുന്നുണ്ട്. ജിസിഡിഎ അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെ കുറ്റകരമായി അതിക്രമിച്ച് കടന്നു. സ്‌റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഘം കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയത്. സംഭവത്തെ അപലപിച്ച് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് ആയിരുന്നു സിപിഐഎം ആരോപിച്ചത്. എന്നാല്‍ ഇത് തള്ളി മുഹമ്മദ് ഷിയാസ് രംഗത്തെത്തിയിരുന്നു.
കലൂര്‍ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. ഫിഫ നിഷ്‌കര്‍ഷിക്കുന്ന നിലയിലുള്ള മാറ്റങ്ങളാണ് സ്റ്റേഡിയത്തിന് വരുത്തുന്നത്. സ്റ്റേഡിയത്തില്‍ പെയിന്റ് അടിക്കുന്ന നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. കസേരകള്‍ മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സ്‌റ്റേഡിയത്തിലെ ടോയ്‌ലറ്റുകള്‍ അടക്കം പുതുക്കിപ്പണിയുന്നുണ്ട്. രാജ്യാന്തര നിലവാരത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. സ്‌റ്റേഡിയത്തില്‍ 38 എര്‍ത്തുകളുടെ ആവശ്യമുണ്ട്. ഇതില്‍ ഒന്നുപോലുമില്ല. ഇത് സ്ഥാപിക്കുന്ന നടപടികളും നടന്നുവരികയാണ്. നവംബര്‍ 30വരെയാണ് നവീകരണത്തിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഇതിന് മുന്‍പായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറുമെന്ന് സ്‌പോണ്‍സര്‍ കൂടിയായ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്ററും എംഡിയുമായ ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു.
കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കുപ്രചാരണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയത് നവീകരണത്തിനാണെന്നും അത് പൂര്‍ത്തിയാക്കിയ ശേഷം ജിസിഡിഎയ്ക്ക് തിരിച്ച് നല്‍കുമെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.
Content Highlights- Police takes case over complaint of gcda against mohammed shiyas and others on kaloor stadium innovation