

തിരുവനന്തപുരം: കർണാടക ഭൂമി കുംഭകോണത്തിൽ റിപ്പോർട്ടറിന്‍റെ ചോദ്യത്തോട് അസഹിഷ്ണുത കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരോപണത്തെ കുറിച്ച് ചോദിച്ച റിപ്പോർട്ടര്‍ ടിവിയുടെ മാധ്യമപ്രവർത്തകരോട് മോശം ആംഗ്യം കാണിച്ച് രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി.
ചില കാര്യങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നുണ പറഞ്ഞ് രാഷ്ട്രീയം പറയാൻ ആളുണ്ട്. ചില ക്രിമിനൽ ഘടകങ്ങളും മാധ്യമങ്ങളിലുണ്ട്. തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്നാൽ താങ്കൾ വാങ്ങിയ ഭൂമിയെ കുറിച്ച് ഇത്രയും വലിയ ആരോപണം ഉയരുമ്പോൾ അതിൽ മറുപടി പറയുകയോ വിശദീകരിക്കുകയോ ചെയ്തില്ലെങ്കിൽ പാർട്ടി പ്രതിസന്ധിയിലാകില്ലേ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് അത് നിങ്ങൾ പറയേണ്ട എന്നാണ് രാജീവ് ചന്ദ്രശേഖർ മറുപടി നൽകിയത്. റിപ്പോർട്ടറിന് മറുപടിയില്ലെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു.
അഴിമതിയുടെ രേഖകൾ പുറത്തുവരുമ്പോൾ എന്തിനാണ് ഭയപ്പെടുന്നതെന്നും സംസ്ഥാന അധ്യക്ഷനെതിരെ ഇങ്ങനെ ഒരു ആരോപണം ഉയരുമ്പോൾ അതിൽ മറുപടിയില്ലേയെന്നും റിപ്പോർട്ടർ ചോദിച്ചതോടെ റിപ്പോർട്ടർ ഒഴികെയുള്ള മാധ്യമപ്രവർത്തകർ ചോദിച്ചോളൂവെന്ന് എസ് സുരേഷ് കടുത്ത ഭാഷയിൽ പ്രതികരിച്ചു.
ആരോപണത്തിൽ സത്യമില്ല. നുണയാണ്. തന്നെ ഇതിൽപെടുത്താൻ നോക്കണ്ട. നുണ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും പറഞ്ഞ് മൈക്ക് ഓഫ് ചെയ്ത് രാജീവ് ചന്ദ്രശേഖർ ഇറങ്ങിപ്പോകുകയായിരുന്നു. ഇതിനിടെയാണ് 'നല്ല സൂപ്പർ വട്ടാണ്' എന്ന് പറഞ്ഞ് മാധ്യമപ്രവർത്തകർക്ക് നേരെ രാജീവ് ചന്ദ്രശേഖർ അധിക്ഷേപ ആംഗ്യം കാണിച്ചത്.
1995 ലാണ് രാജീവ് ചന്ദ്രഖേറിനെതിരായ കര്‍ണാടക ഭൂമി കുംഭകോണത്തിന്റെ തുടക്കം. വ്യാവസായിക സംരംഭം തുടങ്ങാനെന്ന പേരില്‍ ഭൂമി ആവശ്യപ്പെട്ടുകൊണ്ട് രാജീവ് ചന്ദ്രശേഖറിന്റെ ബിപിഎല്‍ കമ്പനി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡിനെ സമീപിക്കുന്നു. കളര്‍ ടെലവിഷന്‍, ട്യൂബ്, ബാറ്ററി എന്നിവയുടെ നിര്‍മാണമാണ് ലക്ഷ്യമെന്നും ബിപിഎല്‍ വ്യക്തമാക്കിയിരുന്നു. നിരവധി പേര്‍ക്ക് ജോലി കിട്ടുന്നതാണ് സംരംഭമെന്നും ബിപിഎല്‍ അവകാശപ്പെട്ടു. ബിപിഎല്ലിന്റെ വാഗ്ദാനം വിശ്വസിച്ച കെഐഎഡിബി ഭൂമി കൈമാറ്റത്തിന് തയ്യാറായി.
ഇതിന്റെ അടിസ്ഥാനത്തില്‍ നേമ മംഗളയില്‍ നിന്നുള്ള കര്‍ഷകരില്‍ നിന്ന് കെഐഎഡിബി ഭൂമി ഏറ്റെടുത്തു. ഒരു ഏക്കറിന് 1.1 ലക്ഷം വെച്ച് 175 ഏക്കറാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇത് 6.45 കോടിക്ക് ബിപിഎല്ലിന് പാട്ടത്തിന് നല്‍കുകയാണ് ചെയ്തത്. വൈകാതെ തന്നെ ഭൂമിയുടെ ലാന്‍ഡ് റൈറ്റ് ബിപിഎല്ലിന് ലഭിക്കുന്നു. പതിനഞ്ച് വര്‍ഷത്തോളം ഈ ഭൂമിയില്‍ ഒരു പ്രവര്‍ത്തിയും നടന്നില്ല. 2010-2011 കാലഘട്ടത്തിലാണ് ഭൂമി കൈമാറ്റം നടക്കുന്നത്. മാരുതി സുസൂക്കിക്ക് പുറമേ, ജിന്‍ഡാല്‍, ബിഒസി ലിമിറ്റഡ്, എന്നിവര്‍ക്കും ഭൂമി വിറ്റിട്ടുണ്ട്. റിപ്പോര്‍ട്ടറിന് ലഭിച്ച രേഖ പ്രകാരം 313.9 കോടി രൂപയ്ക്ക് ഭൂമി വില്‍പന നടത്തിയതെന്നാണ് വിവരം. എന്നാല്‍ പരാതി ഉന്നയിച്ച ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ കെ എന്‍ ജഗദേഷ് കുമാറിന്റെ കൈവശമുള്ള രേഖ പ്രകാരം അഞ്ഞൂറ് കോടിയുടെ കുംഭകോണം ബിപിഎല്‍ കമ്പനി നടത്തിയതായാണ് വിവരം.
കുംഭകോണത്തില്‍ പങ്കില്ലെന്നുള്ള രാജീവ് ചന്ദ്രശേഖറിന്റെ വാദം തെറ്റാണെന്ന് പരാതിക്കാരനായ ജഗദേഷ് കുമാര്‍ പറഞ്ഞിരുന്നു. കര്‍ഷകരോട് ചോദിച്ചാല്‍ കാര്യങ്ങളില്‍ വ്യക്തത വരും. കര്‍ണാട ഭൂമി കുംഭകോണത്തില്‍ ലോകായുക്ത ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ കുംഭകോണം നടത്തിയതെന്നും ജഗദേഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
ഭൂമി ഇടപാടിലൂടെ രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ലാഭമെന്നാണ് വിവരം. രാജീവ് ചന്ദ്രശേഖറിന് പുറമേ ഭാര്യ അഞ്ജലി ചന്ദ്രശേഖര്‍, ഭാര്യാ പിതാവ് അജിത് ഗോപാല്‍ നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയും ആരോപണമുണ്ട്.
കുംഭകോണ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു. ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണം ആയിരുന്നിട്ടും പതിവുപോലെ പിന്നില്‍ സിപിഐഎമ്മും കോണ്‍ഗ്രസുമാണെന്നുള്ള ഉഴപ്പന്‍ ന്യായമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
Content Highlights: Rajeev Chandrasekhar shows intolerance towards media questions on Karnataka land scam