

ന്യൂഡല്‍ഹി: മുന്‍ വിദ്യാഭ്യാസ മന്ത്രിയാണ് എം എ ബേബി എന്ന് ഓര്‍മിപ്പിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. എം എ ബേബി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നത് ഡി രാജയുടെ ഇടപെടല്‍ മൂലമാണോ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് രാജ ഇക്കാര്യം ഓര്‍മിപ്പിച്ചത്. പിഎം ശ്രീയില്‍ എന്തുകൊണ്ട് നിലപാട് മാറ്റം എന്ന് സിപിഐഎം വിശദീകരിക്കട്ടെയെന്നും ഡി രാജ പറഞ്ഞു. ഡല്‍ഹിയിലായിരുന്നു ഡി രാജയുടെ പ്രതികരണം.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് യോഗം ചേരുന്നുണ്ട്. പിഎം ശ്രീ വിഷയം യോഗം ചര്‍ച്ച ചെയ്യും. അതിന് ശേഷം എന്ത് നിലപാട് സ്വീകരിക്കും എന്ന് വ്യക്തമാക്കും.' എന്നാണ് നിലപാട്. മന്ത്രിമാര്‍ രാജിസന്നദ്ധത അറിയിച്ചോ എന്ന് തനിക്കറിയില്ലെന്നും ഡി രാജ പറഞ്ഞു.
എന്‍ഇപിയെ ചോദ്യം ചെയ്തവരാണ് തങ്ങള്‍. അതിനെതിരെ പ്രതിഷേധിച്ചവരാണ്. സര്‍ക്കാര്‍ ഒപ്പുവെച്ച ധാരണാപത്രം എന്‍ഇപിയുടെ ഭാഗമാണ്. യാതൊരു ചര്‍ച്ചയുമില്ലാതെ പെട്ടെന്നാണ് സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തിട്ടുവേണം അത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്താനെന്നും ഡി രാജ പറഞ്ഞു. പണത്തിന്റെ മാത്രം പ്രശ്‌നമല്ല. പണം കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി ബിജെപിയുടെയും ആര്‍എസ്എസിന്റെയും അജണ്ടയാണ്. സംസ്ഥാന സര്‍ക്കാരിന് മേല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം എം എ ബേബിയുമായി ഡി രാജ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നിലപാടില്‍ ഡി രാജ കടുത്ത അതൃപ്തി രേഖപ്പെടുത്തിരുന്നു. സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്ന് ഡി രാജ പറഞ്ഞിരുന്നു. നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമാണ്. എന്‍ഇപി 2020നെ എതിര്‍ക്കുന്ന പാര്‍ട്ടികളാണ് സിപിഐയും സിപിഐഎമ്മും. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതും കേന്ദ്രീയവല്‍ക്കരിക്കുന്നതും എതിര്‍ക്കുന്നവരാണ് തങ്ങള്‍. എന്‍ഇപിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി ധാരണപത്രം ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നും ഡി രാജ ചോദിച്ചിരുന്നു.
Content HIghlights- D Raja against decision over they signed mou of pm shri project