പിഎം ശ്രീ: പ്രശ്നപരിഹാരമായില്ല, അടുത്ത ഘട്ടം പിന്നാലെ അറിയിക്കാമെന്ന് ബിനോയ് വിശ്വം

വിഷയങ്ങള്‍ ബാക്കിനില്‍ക്കുകയാണെന്നും തീരുമാനം പിന്നാലെ അറിയിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു

പിഎം ശ്രീ: പ്രശ്നപരിഹാരമായില്ല, അടുത്ത ഘട്ടം പിന്നാലെ അറിയിക്കാമെന്ന് ബിനോയ് വിശ്വം
dot image

ആലപ്പുഴ: പിഎം ശ്രീയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയങ്ങള്‍ ബാക്കിനില്‍ക്കുകയാണെന്നും തീരുമാനം പിന്നാലെ അറിയിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സെക്രട്ടറി.

'ഞങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഹൃദ്യമായ സംസാരമായിരുന്നു. പക്ഷെ വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. അതുകൊണ്ട് അടുത്ത ഘട്ടം ഞങ്ങള്‍ പിന്നാലെ അറിയിക്കാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെയും ഡല്‍ഹിയിലും നേതൃത്വമുണ്ട്. ആവശ്യമായ ആലോചനകള്‍ക്കുശേഷം യഥാസമയം എല്ലാം അറിയിക്കാം', ബിനോയ് വിശ്വം പറഞ്ഞു.

പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനായി മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ കൂടിക്കാഴ്ച്ച ഫലം കണ്ടിരുന്നില്ല. പിഎം ശ്രീയില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലാണ് സിപിഐ. മുഖ്യമന്ത്രിയുടെ അനുനയത്തിന് സിപിഐ വഴങ്ങിയില്ല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐയുടെ തീരുമാനമെന്നാണ് വിവരം. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായാണ് വിവരം. സിപിഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. ചര്‍ച്ചയില്‍ പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

Also Read:

ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വവും തമ്മിലുളള കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സിപിഐ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights: PM Shri: Binoy Viswam says issues were not resolved in discussions with Chief Minister

dot image
To advertise here,contact us
dot image