1000 കോടി അടിക്കാൻ സമ്മതിച്ചില്ല, അതിനും മുൻപ് ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ച് കാന്താര

ചിത്രം 1000 കോടി എത്തുന്നതിന് മുൻപ് തന്നെ ഒടിടിയിലേക്ക് എത്തുന്നു എന്ന പരിഭവവും നിരവധി പേർ പങ്കുവെക്കുന്നുണ്ട്

1000 കോടി അടിക്കാൻ സമ്മതിച്ചില്ല, അതിനും മുൻപ് ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ച് കാന്താര
dot image

റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രമായെത്തിയ കാന്താര ചാപ്റ്റർ 1 ബോക്സ് ഓഫീസിൽ അതിഗംഭീര കുതിപ്പ് തുടരുകയാണ്. ഒക്ടോബർ 2-ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്ത ചിത്രം വെറും 22 ദിവസം കൊണ്ട് നേടിയത് 800 കോടിയിൽ പരം തിയേറ്റർ കളക്ഷനാണ്. ഇതോടെ ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം 'ഛാവയുടെ' കളക്ഷൻ റെക്കോർഡ് ആയ 807 കോടി മറികടന്നിരിക്കുകയാണ് കാന്താര ചാപ്റ്റർ 1. ഇപ്പോഴിതാ ചിത്രത്തിന്റെ സ്ട്രീമിങ് തീയതി പുറത്തുവന്നിരിക്കുകയാണ്.

ഒക്ടോബർ 31 മുതൽ കാന്താര ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. കാന്താരയിലെ കേന്ദ്ര കഥാപാത്രമായ ബർമയക്കായി റിഷബ് ഷെട്ടി നടത്തിയ തീവ്രമായ തയ്യാറെടുപ്പുകൾ ചിത്രീകരിച്ച ഒരു മേക്കിങ് വീഡിയോ ഇക്കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. അതിനാൽ തന്നെ ചിത്രത്തിനായി അദ്ദേഹം എടുത്ത വ്യക്തിപരമായ പരിശ്രമങ്ങൾ എത്രത്തോളം സിനിമയുടെ വിജയത്തിൽ നിർണ്ണായകമായി എന്നെല്ലാമുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. എന്നാൽ ചിത്രം 1000 കോടി എത്തുന്നതിന് മുൻപ് തന്നെ ഒടിടിയിലേക്ക് എത്തുന്നു എന്ന പരിഭവവും നിരവധി പേർ പങ്കുവെക്കുന്നുണ്ട്.

ഇന്ത്യൻ ബോക്സ് ഓഫീസിലെ വിജയത്തിന് ശേഷം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ചിത്രത്തിൻറെ ഇംഗ്ലീഷ് പതിപ്പും നിർമ്മാതാക്കൾ ഒക്ടോബർ 31-ന് പുറത്തിറക്കും. ചിത്രത്തിൻറെ ഓവർസീസ് റിലീസ് നിർവഹിക്കുന്നത് ദുബായ് ആസ്ഥാനമായുള്ള ഫാർസ് ഫിലിംസ് ആണ്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, ഇംഗ്ലീഷിൽ ഡബ്ബ് ചെയ്ത്, ലോകമെമ്പാടും തിയേറ്റർ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് 'കാന്താര: ചാപ്റ്റർ 1'. റിഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2024-ല്‍ 'കാന്താര'യിലെ അഭിനയത്തിന് റിഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടി.

Content Highlights: Kantara chapter one OTT date out now

dot image
To advertise here,contact us
dot image