

മലപ്പുറം: ഇതിഹാസതാരം മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസ്സിയെ മാത്രം കൊണ്ടുവരാന്‍ സാധിക്കും. കേരളം ആഗ്രഹിച്ചതുപോലെ ടീമിനെ മുഴുവന്‍ കൊണ്ടുവന്ന് ഈ വര്‍ഷം തന്നെ കളി നടത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്‌പോണ്‍സര്‍ എല്ലാ രീതിയിലും ശ്രമിച്ചു. സംസ്ഥാനം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. മെസിയെ മാത്രം കൊണ്ടുവരാന്‍ സാധിക്കും. അതുകൊണ്ട് കായികമേളയ്ക്ക് ഗുണമുണ്ടാകില്ല. ടീമിനെ മുഴുവന്‍ കൊണ്ടുവന്ന് കളി നടത്താന്‍ തന്നെയാണ് ശ്രമം. മാച്ച് ഫീ തിരിച്ചുവാങ്ങാം എന്നല്ല സ്‌പോണ്‍സര്‍ പറയുന്നത്. കേരളം ആഗ്രഹിച്ച പോലെ കളി നടത്താനാണ്. അതിന് എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഇവിടെ നിന്ന് ഇഷ്ടംപോലെ മെയിലുകള്‍ പോകുന്നുവെന്നാണ് പറയുന്നത്. നമ്മുടെ ആളുകള്‍ തന്നെ തടസ്സം സൃഷ്ടിക്കുന്നുവെന്നും വി അബ്ദുറഹിമാന്‍ പറഞ്ഞു.
കേരളത്തില്‍ അന്താരാഷ്ട്ര സ്‌റ്റേഡിയങ്ങള്‍ കുറവാണ്. കൊച്ചി സ്റ്റേഡിയത്തിന് അതിന്റേതായ പരിമിതികള്‍ ഉണ്ട്. കോഴിക്കോട് ഫിഫാ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കും. ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ കുറവ് കേരളത്തിലുണ്ട്. അതിനുള്ള പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.
കേരളത്തിലെ സൗഹൃദ മത്സരം അടുത്ത വിന്‍ഡോയില്‍ തന്നെ നടത്തുമെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എംഡി ആന്റോ അഗസ്റ്റിനും പ്രതികരിച്ചു. നവംബറില്‍ കളി നടക്കില്ല എന്നതാണ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചതെന്നും ഫിഫയുടെ അനുമതി കിട്ടിയാല്‍ അടുത്ത വിന്‍ഡോയില്‍ തന്നെ കളി നടത്തുമെന്നും അതിന് വേണ്ടി നടപടി ക്രമങ്ങള്‍ തുടരുമെന്നുമാണ് ആന്റോ അഗസ്റ്റിന്‍ അറിയിച്ചത്.
Content Highlights: v abdurahiman about Messi and argentina visiting In kerala