

മികച്ച നിക്ഷേപമായി കരുതി സ്വർണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വർദ്ധിക്കുന്ന കാലമാണിത്. നിലവിൽ സ്വർണവില കുതിച്ചുയരുന്നതിനാൽ ഉള്ള സ്വർണം എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തൻ ഡിസൈനുകൾ സ്വന്തമാക്കാനുള്ള തിരക്കിലാണ് പലരും. സ്വർണവില മാറിമറിയുന്നത് അറിയാനുള്ള ആകാംക്ഷയും കൂടുതലാണ്. ഇപ്പോഴിതാ സ്വർണവുമായി ബന്ധപ്പെട്ട് വ്യവസായി ഹർഷ് ഗോയങ്ക പങ്കുവച്ച ഒരു എക്‌സ് പോസ്റ്റ് വൈറലായിരിക്കുകയാണ്. സ്വർണം കഴിഞ്ഞ പതിറ്റാണ്ടിൽ നേടിയ പർചേസിംങ് പവറിനെ തുറന്നുകാട്ടുകയാണ് അദ്ദേഹം . ഭാവിയിൽ സ്വർണം കൊണ്ട് സ്വകാര്യ ജറ്റ് വരെ സ്വന്തമാക്കാമെന്നാണ് ഗോയങ്ക തന്റെ പോസ്റ്റിൽ പറയുന്നത്.

ലോഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സ്വർണം, പത്ത് ഗ്രാം വാങ്ങണമെങ്കില്‍ 1, 21, 525 രൂപവരെയായ സ്ഥിതിയാണ്. അതായത് 1000 ഗ്രാമിന് 1.21 കോടിയെന്ന് കണക്കാക്കാം. ഇങ്ങനെ നോക്കിയാൽ ഒരു കിലോ സ്വർണം കൊണ്ട് ലാൻഡ് റോവർ പോലൊരു പ്രീമിയം എസ്‌യുവി സ്വന്തമാക്കാം.
1990ൽ ഒരു കിലോ സ്വർണം മതിയായിരുന്നു മാരുതി 800 വാങ്ങാനെന്നാണ് ആർപിജി എന്റർപ്രൈസസ് ചെയർമാനായ ഗോയങ്ക തന്റെ പോസ്റ്റിൽ പറയുന്നത്. 2005ആയപ്പോൾ അത്രയും സ്വർണം കൊണ്ട് ടൊയോട്ട ഇന്നോവ വാങ്ങാൻ കഴിയുന്ന സ്ഥിതിയായി. 2010ൽ ടൊയോട്ട ഫോർച്യൂണർ, 2019 ആയപ്പോഴേക്കും BMW സ്വന്തമാക്കാമെന്ന നിലയിലേക്ക് സ്വർണം കുതിച്ചു. 2025ൽ ലക്ഷ്വറി ലാൻഡ് റോവർ വാങ്ങാമെന്ന നിലയായിതിനാൽ ഈ പോക്ക് പോയാൽ 2040ൽ ഒരു കിലോ സ്വർണം കൊണ്ട് സ്വകാര്യ ജെറ്റ് വാങ്ങാമെന്നാണ് ഗോയങ്ക പറയുന്നത്.
സ്വർണ നിക്ഷേപം കൊണ്ട് നഷ്ടമൊന്നുമുണ്ടാക്കില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ പോസ്റ്റിൽ അദ്ദേഹം. അതേസമയം ഇന്ത്യന്‍ വിപണയില്‍ 10 ഗ്രാമിന് 1.34ലക്ഷം രൂപ വരെ എത്തിയ സാഹചര്യമാണ് ഒക്ടോബര്‍ 18ന് സംഭവിച്ചത്. ധന്‍തേരസ് ദിവസം മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 69% കുതിച്ച് ചാട്ടമാണ് സ്വര്‍ണം വാങ്ങുന്ന നിരക്കില്‍ ഉണ്ടായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യക്കാരുടെ കൈയില്‍ 22,000 ടണ്‍ നിഷ്‌ക്രിയ സ്വര്‍ണമാണ് ഉള്ളതെന്നാണ്. വിലകൂടിയതോടെ ഇത് മാറ്റി പുത്തന്‍ ഡിസൈന്‍ സ്വന്തമാക്കാനാണ് ആളുകളുടെ ധൃതി.
Content Highlights: Viral post of Harsh Goenka about 1 Kg of Gold