

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. പിഎം ശ്രീ പദ്ധതിയില്‍ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയെക്കുറിച്ച് വ്യക്തമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചുവെന്നും എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ നിലപാടും സർക്കാരിന്റെ നിലപാടും ഇന്നലെ തന്നെ പറഞ്ഞുവെന്നും പിഎം ശ്രീ പദ്ധതി പല ഘട്ടത്തിലും ചർച്ച ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അംഗീകരിക്കാൻ പറ്റാത്തത് അംഗീകരിക്കില്ല എന്ന് അന്നേ തീരുമാനമെടുത്തതാണ്. നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.
1500 കോടി രൂപ ലഭ്യമാകുന്നത് പാവപ്പെട്ട കുട്ടികൾക്കുള്ള പഠനസൗകര്യം ഒരുക്കാൻ. അത് ലഭിക്കാൻ ഇതിൽ ഒപ്പിടേണ്ടത് അനിവാര്യമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.നയപരമായ ഒരു മാറ്റവുമില്ല എന്ന് വിദ്യാഭ്യാസ മന്ത്രി ഇന്നലെ തന്നെ വിശദീകരിച്ചുവെന്നും കേന്ദ്രത്തിൻ്റെ നിബന്ധനകൾക്ക് വിധേയമായിട്ടല്ല പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വർണകൊള്ളയിലും ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചു. ശബരിമലയില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വര്‍ണം കണ്ടെത്തിയ വാർത്ത വളെ സന്തോഷകരമായതാണെന്നും അദ്ദേഹം പറഞ്ഞു. കൊള്ള ചെയ്തവരെ കൽത്തുറുങ്കിലും സ്വർണം ശബരിമലയിൽ എത്തിക്കുകയുമാണ് ലക്ഷ്യംമെന്നും സംസ്ഥാന സർക്കാർ നേരത്തെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം അതിന്റെ നല്ല ഘട്ടത്തിലേക്ക് എത്തിയതിന്റെ ഉദാഹരണമാണ് ബെംഗളൂരിലെ ബെല്ലാരിയിൽ നിന്നും സ്വർണം കണ്ടെത്തിയത്. സംസ്ഥാന സർക്കാർ ആദ്യം പറഞ്ഞതിലേക്ക് കാര്യങ്ങൾ എത്തുകയാണ്. മറ്റ് ക്ഷേത്രങ്ങളിലും അധികാരികമായ തെളിവ് വരികയാണെങ്കിൽ അന്വേഷണം നടക്കും. ആധികാരികമായി അത് വിശദീകരിക്കേണ്ടത് ദേവസ്വം ബോർഡ് ചെയർമാനാണ്. ബോർഡ് ആണ് അത്തരം വിഷയങ്ങളിൽ അന്വേഷണം നടത്തേണ്ടതും നടപടിയെടുക്കേണ്ടതും. സർക്കാരിന് അതിൽ റോളില്ലയെന്നും ദേവസ്വം മന്ത്രി പ്രതികരിച്ചു. അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും തുടർ അന്വേഷണം നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
Content Highlight : Devaswom Minister VN Vasavan responds to controversy related to PM Shri project