

പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഡീയസ് ഈറേ'യുടെ ഏറ്റവും പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. ഇതുവരെ കാണാത്ത പുതിയ പല സീനുകളും ഉൾപ്പെടുത്തി ഇറങ്ങിയ ട്രെയിലറിൽ ഭീതിപ്പെടുത്തുന്ന രംഗങ്ങൾ കാണാം. ഒരു ഗംഭീര ഹൊറർ ചിത്രം തന്നെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നതെന്ന് സംശയമില്ലാതെ തന്നെ പറയാം. പ്രണവിന്റെ ഇതുവരെ കാണാത്ത ഒരു മുഖമാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്.
പ്രേക്ഷകരെ ഭീതിയിലാക്കാൻ കഴിവുള്ള ഒരു സിനിമ തന്നെയായിരിക്കും 'ഡീയസ് ഈറേ' എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ അഭിപ്രായപ്പെടുന്നത്. ഈ ചിത്രം മലയാള സിനിമയുടെ ഹൊറർ ഴോണറുകളിൽ ഇന്ത്യയിൽ ഒരു പ്രത്യേക സ്ഥാനം നേടുമെന്ന് ഉറപ്പാണെന്നും ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും കമന്റുകൾ വരുന്നുണ്ട്. ഒക്ടോബർ 31ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.
കേരളത്തിൽ ഉൾപ്പെടെ ഒക്ടോബർ 30 രാത്രി മുതൽ സിനിമയുടെ പെയ്ഡ് പ്രീമിയർ ഷോകൾ ആരംഭിക്കും എന്നാണ് പുതിയ റിപ്പോർട്ട്. രാത്രി 9 മണി മുതൽ ഷോ ആരംഭിക്കുമെന്നാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ഗൾഫിലും യുകെയിലും ഉൾപ്പെടെ ഒക്ടോബർ 30 ന് പ്രീമിയർ ഷോകൾ ഉണ്ടാകും. ഗൾഫിലെ ചിത്രത്തിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ പ്രീമിയർ ഷോകളെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും നിർമാതാക്കളുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. അടുത്തിടെ പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. ട്രെയിലറിലെ പ്രണവിന്റെ അഭിനയമുഹൂർത്തങ്ങൾ വലിയ ചർച്ചയായിരുന്നു. ഒരു കണ്ണാടിയിൽ ആരെയും പേടിപ്പിക്കുന്ന മുഖഭാവങ്ങളോടെ നിൽക്കുന്ന പ്രണവിന്റെ ഷോട്ട് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്.
ചിത്രത്തിൽ പ്രണവ് നായകനായും വില്ലനായും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. അഭിനയത്തിൽ പ്രണവ് ഞെട്ടിക്കുമെന്നും ഇതുവരെ കാണാത്ത നടന്റെ വേഷപ്പകർച്ചകൾ ഈ സിനിമയിലൂടെ കാണാൻ സാധിക്കുമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. പ്രണവിന്റെ ഡയലോഗ് ഡെലിവറിക്കും കയ്യടി ലഭിക്കുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്. രാഹുല്‍ സദാശിവന്റെ ചിത്രം ഇത്തവണയും പ്രേക്ഷകരെ പേടിപ്പിക്കുമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന.
Content Highlights: Pranav Mohanlal starrer Dies Irae new trailer is out