

കൊച്ചി: ലയണൽ മെസിയുടേയും ലോകകപ്പ് നേടിയ അർജന്റീന ടീമിന്റേയും കേരളത്തിലെ സൗഹൃദ മത്സരം അടുത്ത വിൻഡോയിൽ. ഫിഫ അനുമതി ലഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് തീരുമാനം. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി ബ്യൂണസ് അയേഴ്സിൽ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്.
അടുത്ത വിൻഡോയിൽ കേരളത്തിലെത്തുമെന്ന് എഎഫ്എ അറിയിച്ചു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് അർജന്റീനയിൽ ചര്‍ച്ച നടത്തിയത്. മത്സരത്തിന് 20 ദിവസം മുൻപ് ഫിഫ അനുമതി ലഭിക്കേണ്ടതുണ്ടെന്നും എന്നാൽ അതിന് കാലതാമസം വരുമെന്നത് പരിഗണിച്ചുമാണ് തീരുമാനമെന്നും റിപ്പോർട്ടർ എംഡി ആന്റോ അഗസ്റ്റിൻ പറഞ്ഞു.
അർജന്റീനയ്ക്ക് സൗഹൃദമത്സരം നഷ്ടപ്പെടാതിരിക്കാനാണ് നവംബർ വിൻഡോയിലെ
മത്സരം അടുത്ത വിൻഡോയിലേക്ക് മാറ്റുന്നതെന്നും തീരുമാനത്തെ നെഗറ്റീവായി
കാണേണ്ടതില്ലെന്നും അർജന്റീന ടീം കേരളത്തിലെത്തില്ലെന്ന് പ്രചരിപ്പിക്കരുതെന്നും
ആന്റോ അഗസ്റ്റിൻ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരത്തിന് മുന്നൊരുക്കങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്. ഫിഫ അംഗീകാരത്തിലുള്ള സ്റ്റേഡിയം ഇല്ലെന്നത് യാഥാർത്ഥ്യമാണ്.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റുസ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികളുമായി
മുന്നോട്ട് പോകുമെന്നും റിപ്പോർട്ടർ മാനേജ്മെന്റ് അറിയിച്ചു.
70 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നിർമാണം നടത്തുന്നത്. കസേരകൾ പകുതിയോളം മാറ്റി സ്ഥാപിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള ലൈറ്റിങ് സംവിധാനം സ്ഥാപിക്കുന്നു. റൂഫിങ് ശക്തിപ്പെടുത്താനുള്ള നടപടികളും സ്റ്റേഡിയത്തിന് ചുറ്റുമുള്ള നിർമാണവും
പുരോഗമിക്കുകയാണ്.
കേരളത്തിന്റെ കായിക ഭൂപടത്തെ തന്നെ മാറ്റിമറിക്കുന്ന തരത്തിലാണ് ഫിഫ സൗഹൃദ മത്സരം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ആദ്യ സ്പോൺസർ പിന്മാറിയതോടെയാണ് റിപ്പോർട്ടർ ടിവി സ്പോൺസർമാരായി എത്തിയത്. പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ചർച്ച നടത്തുകയും കരാറിലെത്തുകയും ചെയ്തു. 2024 ഡിസംബര്‍ 20നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കരാറില്‍ ഒപ്പിട്ടത്.
ടീം മാനേജർ ഡാനിയേൽ കബ്രേര നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തുകയും തൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഫിഫ റാങ്കിങ്ങിൽ മുൻനിരയിലുള്ള ഓസ്ട്രേലിയ ടീം
മത്സരത്തിന് തയ്യാറാണെന്ന് റിപ്പോർട്ടർമാനേജ്മെന്റിനെ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ
വിലയിരുത്തിയിരുന്നു. കായിക മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ
സ്റ്റേഡിയം നിർമാണവും വിലയിരുത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ
പ്രത്യേക സമിതി രൂപീകരിച്ച് ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്.
പൂർണ സജ്ജമായി അടുത്ത വിൻഡോയിൽ മത്സരം നടത്തുമെന്ന്
റിപ്പോർട്ടർ മാനേജ്മെന്റ് അറിയിച്ചു.
Content Highlights: Argentina's friendly match in Kerala in the next window