സർക്കാരിന് CPIയെക്കാൾ വലുത് BJP, നാണക്കേട് സഹിച്ച് മുന്നണിയിൽ തുടരണമോ എന്ന് അവർ തീരുമാനിക്കട്ടേ; വി ഡി സതീശൻ

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതിന് ശേഷമാണ് സിപിഐഎം നയത്തിൽ വെള്ളം ചേർത്തതും അഭിപ്രായത്തിൽ മലക്കം മറിഞ്ഞതെന്നും വി ഡി സതീശൻ

സർക്കാരിന് CPIയെക്കാൾ വലുത് BJP, നാണക്കേട് സഹിച്ച് മുന്നണിയിൽ തുടരണമോ എന്ന് അവർ തീരുമാനിക്കട്ടേ; വി ഡി സതീശൻ
dot image

കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ ആരും അറിയാതെയാണ് സർക്കാർ ഒപ്പിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎമ്മിന് സിപിഐയെക്കാൾ വലുത് ബിജെപിയാണെന്നും സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

പിഎം ശ്രീയിൽ എൽഡിഎഫിലെ സുപ്രധാന ഘടകകക്ഷിയായ സിപിഐയുടെ അഭിപ്രായങ്ങളെ സിപിഐഎം കാറ്റിൽ പറത്തി. ഒരു ഘടകകക്ഷിയിലെ സംസ്ഥാന സെക്രട്ടറിയും പാർട്ടി അംഗങ്ങളും മന്ത്രിമാരും എതിർത്തിട്ടും എന്ത് സിപിഐ, ഏത് സിപിഐ എന്നാണ് എം വി ഗോവിന്ദൻ ചോദിക്കുന്നത്. സിപിഐയുടെ മന്ത്രിസഭാ അംഗങ്ങൾ പോലും അറിയാതെയാണ് കാര്യങ്ങൾ തീരുമാനിച്ചതെന്നും സതീശൻ ആരോപിച്ചു.

ആരും അറിയാതെ വിദ്യാഭ്യാസ സെക്രട്ടറിയെ ഡൽഹിയിൽ അയച്ചാണ് സിപിഐഎം പിഎം ശ്രീയിൽ ഒപ്പുവെപ്പിച്ചത്. ഏത് സിപിഐ എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ചോദിക്കുന്നത്. അപമാനവും നാണക്കേടും സഹിച്ച് അവിടെ തുടരണമോ എന്നത് സിപിഐയാണ് ആലോചിക്കേണ്ടത്. രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത് സിപിഐയാണ്. മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ല എന്നാൽ, അവർ തീരുമാനം പറഞ്ഞാൽ അതിനനുസരിച്ച് തങ്ങളും അഭിപ്രായം പറയാം സതീശൻ പറഞ്ഞു.

കേന്ദ്ര സർക്കാർ പദ്ധതിയുടെ ബോർഡ് വെക്കുന്നത് അല്ല പ്രശ്‌നം. തങ്ങളുടെ അജണ്ടകൾ അംഗീകരിച്ചാലേ പണം തരൂവെന്ന കേന്ദ്ര ഭീഷണിക്ക് സംസ്ഥാനം വഴങ്ങുന്നുവെന്നതും നിരുപാധികം ഒപ്പുവെച്ചു എന്നതുമാണ് പ്രശ്‌നം. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പോയി കണ്ടതിന് ശേഷമാണ് സിപിഐഎം നയത്തിൽ വെള്ളം ചേർത്തതും അഭിപ്രായത്തിൽ മലക്കം മറിഞ്ഞതും. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാൻ മാത്രം എന്ത് രാഷ്ട്രീയ സമ്മർദമാണ് കേന്ദ്രത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന് മേലുണ്ടായതെന്ന് വ്യക്തമാക്കണം. ഉറച്ച നിലപാടിൽനിന്ന് അവർ മലക്കംമറിഞ്ഞത് എന്ത് സമ്മർദത്തിലാണെന്ന് പറയണമെന്നും വി ഡി സതീശൻ പറഞ്ഞു.

Content Highlights: v d satheesan against cpim on pm shri project

dot image
To advertise here,contact us
dot image