
2018 സിനിമയിലെ ഒരു രംഗം വെട്ടി കളയാൻ സംവിധായകൻ ജൂഡ് ആന്തണിയുമായി താൻ വാശി പിടിച്ചിട്ടുണ്ടെന്ന് എഡിറ്റർ ചമൻ ചാക്കോ. നിലീൻ സാന്ദ്രയുടെ കഥാപാത്രം വീട്ടിൽ വെച്ച് മത്സ്യത്തൊഴിലാളികളെ കുറിച്ച് പറയുന്ന സീനാണ് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും അത് കണ്ടപ്പോൾ തനിക്ക് ക്രിഞ്ച് അല്ലേ എന്നൊരു തോന്നൽ ഉണ്ടായെന്നും ചമൻ പറഞ്ഞു. പിന്നീട് 2018 പുറത്തിറങ്ങി ആദ്യ ദിവസം തിയേറ്ററിൽ കാണാൻ ചെന്നപ്പോൾ ആ സീനിന് നിറഞ്ഞ കയ്യടി ലഭിച്ചെന്നും ചമൻ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ചമൻ ഇക്കാര്യം പറഞ്ഞത്.
'2018ൽ നിലീൻ സാന്ദ്രയുടെ കഥാപാത്രം വീട്ടിൽ വെച്ച് മത്സ്യത്തൊഴിലാളികളെ കുറിച്ച് പറയുന്ന ഒരു ഷോട്ട് ഉണ്ട്. ആ സീൻ സിനിമയിൽ വേണ്ടായെന്ന് എനിക്ക് ഉണ്ടായിരുന്നു. ജൂഡ് ചേട്ടനോട് ഞാൻ മൂന്ന് നാല് പ്രാവശ്യം വേണോ എന്ന് ചോദിച്ചു. എനിക്ക് ആ സീൻ കുറച്ച് ക്രിഞ്ച് അല്ലേ എന്നൊരു തോന്നൽ ഉണ്ടായി. ജൂഡ് ചേട്ടൻ അപ്പോഴും അത് വെച്ചോളൂ ബാക്കി പുള്ളി നോക്കിക്കോളാമെന്ന് പറഞ്ഞു. എന്നിട്ട് ഞാനും ക്യാമറാമാൻ അഖിൽ ചേട്ടനും കവിതയിൽ ആദ്യ ദിവസം കാണാൻ പോയി. ഈ സീൻ ആയപ്പോൾ ഞാൻ ഞെട്ടിപ്പോയി, തിയേറ്ററിൽ നിറഞ്ഞ കയ്യടി. അപ്പോൾ അഖിൽ ചേട്ടൻ എന്നെ ഒരു നോട്ടം…അങ്ങനെ ഓരോ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്', ചമൻ പറഞ്ഞു.
അതേസമയം, നിരവധി മലയാള സിനിമകൾ എഡിറ്റ് ചെയ്ത് കഴിവ് തെളിയിച്ച ആളാണ് ചമൻ ചാക്കോ. 2018, കള, ആർഡിഎക്സ്, ഓഫീസർ ഓൺ ഡ്യൂട്ടി, ലോക, എന്നീ ചിത്രങ്ങളാണ് ചമൻ എഡിറ്ററായി പ്രവർത്തിച്ചത്. പൃഥ്വിരാജ് - വൈശാഖ് ചിത്രം ഖലീഫയാണ് ഇനി വരാനിരിക്കുന്ന ചമന്റെ പുതിയ ചിത്രം. ചിത്രം 2026 ഓണം റിലീസായാണ് എത്തുകയെന്നും ഗ്ലിമ്പ്സ് വീഡിയോയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി എന്ന നായക കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്. 'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്.
Content Highlights: Editor Chaman Chacko says about a conflict happened during 2018 movie editing