
വനിതാ ലോകകപ്പിൽ തകർപ്പൻ സെഞ്ച്വറിയുമായി ഇന്ത്യൻ ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാന തിളങ്ങിയിരുന്നു. ന്യൂസിലാൻഡിനെതിരെ നവി മുംബൈയിൽ വെച്ച് നടക്കുന്ന നിർണയക മത്സരത്തിൽ 95 പന്തിൽ 109 റൺസ് നേടിയാണ് അവർ മടങ്ങിയത്.
ഇതോടെ ഒരുപിടി റെക്കോർഡാണ് മന്ദാന തംന്റെ പേരിൽ കുറിച്ചത്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി തികക്കുന്ന ബാറ്ററെന്ന റെക്കോർഡ് സ്വന്തമാക്കിയ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി തികക്കുന്ന താരങ്ങളിൽ ഒരാളാകാനും സാധിച്ചു. ഏകദിന കരിയറിലെ 14ാം സെഞ്ച്വറി തികച്ച താരം ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ ശതകം തികച്ചവരിൽ രണ്ടാമതാണ്.
15 സൈഞ്ച്വറികളുള്ള ഓസ്‌ട്രേലിയൻ ഇതിഹാസ ബാറ്റർ മെഗ് ലാന്നിങ്ങാണ് ഏകദിനത്തിൽ സ്മൃതിക്ക് മുന്നിലുള്ളത്. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളിൽ മെഗ് ലാന്നിങ്ങിനൊപ്പമെത്താനും സ്മൃതിക്ക് സാധിച്ചു. 17 സെഞ്ച്വറിയാണ് മന്ദാന അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തമാക്കിയത്.
95 പന്തിൽ 10 ഫോറും നാല് സിക്‌സറുമടിച്ചാണ് മന്ദാന 109 റൺസ് നേടിയത്. ഓപ്പണിങ് പങ്കാളിയായ പ്രതീക റാവൽ 134 പന്തിൽ നിന്നും 13 ഫോറും രണ്ട് സിക്‌സറുമുൾപ്പടെ 122 റൺസ് സ്വന്തമാക്കി. ഒന്നാം വിക്കറ്റിൽ 212 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. മഴ മൂലം കളി നിർത്തിവെച്ചിരിക്കമ്പോൾ 48 ഓവറിൽ ഇന്ത്യൻ വനിതകൾ 329 റൺസ് നേടിയിട്ടുണ്ട്. 69 റൺസുമായി ജെമീമ റോഡ്രിഗസും 10 റൺസുമായി ഹർമൻപ്രീത് കൗറുമാണ് ക്രീസിലുള്ളത്. സെമി പ്രവേശനത്തിന് ഈ മത്സരത്തിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്.
Content Highights- Smrity mandana Shares the record of most century