
കല്‍പ്പറ്റ: പി എം ശ്രീയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നീക്കത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ധിഖ്. പിഎം ശ്രീയിലൂടെ സംഘ്പരിവാര്‍ വിഷം സ്‌കൂള്‍ സിലബസില്‍ നിറയുമെന്നും അതിന് വഴി മരുന്ന് ഇടുന്നത് സിപിഐഎം ആണെന്നും ടി സിദ്ധിഖ് വിമര്‍ശിച്ചു.
സിപിഐയുടെ എതിര്‍പ്പ് മറികടന്നുള്ള സര്‍ക്കാര്‍ നീക്കത്തെയും ടി സിദ്ധിഖ് പരിഹസിച്ചു. മുന്നണിയിലെ സിപിഐക്കും സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പുല്ലുവിലയാണ് സിപിഐഎം നല്‍കുന്നതെന്നും ഇടതുമുന്നണിയിലെ എല്ലാ കാര്യങ്ങളും സിപിഐഎം എന്ന ഒറ്റപ്പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും ടി സിദ്ധിഖ് പറഞ്ഞു.
'മുന്നണിയിലെ സിപിഐക്ക് പുല്ലുവില..! സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പുല്ലു വില..! എല്ലാം ഒരാള്‍ തീരുമാനിക്കുന്ന ഇടതു മുന്നണി… സിപിഎം എന്ന പാര്‍ട്ടി…!
ടി സിദ്ധിഖ്
പി എം ശ്രീയിലൂടെ സംഘ്പരിവാര്‍ വിഷം സ്‌കൂള്‍ സിലബസില്‍ നിറയും. ഭാവി തലമുറ പഠിക്കാന്‍ പോകുന്നത് വിഷലിപ്തമായ പാഠ്യ പദ്ധതി. അതിന് വഴി മരുന്നിടുന്നത് സിപിഎം. ചരിത്രം ഇത് അടയാളപ്പെടുത്തും..?'
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എംഎസ്എഫും അഭിപ്രായപ്പെട്ടു. നാളെ പഞ്ചായത്ത്, കാമ്പസ് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താനാണ് ആഹ്വാനം. അഴിമതിയില്‍ മുങ്ങികുളിച്ച കുടുംബത്തെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ പിണറായി വിജയന് മുന്നില്‍ കോമഡി കഥാപാത്രങ്ങളായി സിപിഐ മാത്രമല്ല കൂട്ടിന് എസ്എഫ്‌ഐയുമുണ്ടെന്നും കുറ്റകരമായ മൗനമാണ് ഈ ആര്‍എസ്എസ് ഡീലിന് മുന്നില്‍ എസ്എഫ്‌ഐ ആചരിക്കുന്നതെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പറഞ്ഞു.
അതേസമയം കൂടിയാലോചനയില്ലാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. തങ്ങളുടെ എതിര്‍പ്പിനെ മുഖവിലക്കെടുക്കാതെ വിവാദ പദ്ധതിയില്‍ ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വിലയിരുത്തല്‍.
ബിനോയ് വിശ്വം നാളെ മാധ്യമങ്ങളെ കാണുന്നുണ്ട്. സിപിഐയുടെ അടുത്ത നീക്കം പാര്‍ട്ടി സെക്രട്ടറി നാളെ വിശദീകരിക്കും. സിപിഐ സെക്രട്ടറിയേറ്റ് അടിയന്തര യോഗവും നാളെ ചേരും. ഓണ്‍ലൈനായിട്ടാവും യോഗം ചേരുക.
Content Highlights: Congress Leader T Siddique against Govt sign in PM Shri Project