
കൊച്ചി: പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിനിടെ നാലാം ക്ലാസുകാരി ആയിഷ ആനടിയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താന്‍ തട്ടമിട്ടത് കണ്ട് പേടി തോന്നുന്നുണ്ടോ എന്ന് സദസിനോട് ആയിഷ ചോദിക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്. തന്റെ കൂട്ടുകാരിയെപ്പോലെ ഒരാള്‍ക്ക് തട്ടമിട്ടതിന്റെ പേരില്‍ പഠനം നിഷേധിച്ചു എന്ന് കേട്ടപ്പോള്‍ പ്രതികരിക്കണം എന്ന് തോന്നിയെന്നും അന്ന് അങ്ങനെയാണ് പ്രസംഗിച്ചതെന്നും ആയിഷ ആനടിയില്‍ റിപ്പോർട്ടറിനോട് പറഞ്ഞു. തട്ടമിട്ട ആളെ കാണുമ്പോള്‍ പേടി തോന്നാന്‍ കാരണമെന്താണ് എന്ന് തനിക്കും അറിഞ്ഞുകൂടാ എന്നും നമ്മളെ സൃഷ്ടിച്ച ദൈവത്തിന് ഇല്ലാത്ത പ്രശ്‌നം നമുക്കെന്തിനാണ് എന്നുമാണ് ആയിഷ ചോദിക്കുന്നത്. ഹിന്ദു മതത്തില്‍പ്പെട്ട രണ്ടുപേരാണ് തന്റെ സുഹൃത്തുക്കളെന്നും മതത്തിന്റെ പേരില്‍ തങ്ങള്‍ കൂട്ടുകൂടാതിരിക്കുന്നില്ലല്ലോ എന്നും ആയിഷ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി കോഫി വിത്ത് അരുണ്‍ പരിപാടിയിലായിരുന്നു ആയിഷയുടെ പ്രതികരണം.
'തട്ടമിട്ടതിന്റെ പേരില്‍ പഠനം നിഷേധിച്ചു എന്ന് കേട്ടപ്പോള്‍, അവര്‍ എനിക്കെന്റെ കൂട്ടുകാരിയെപ്പോലെയല്ലേ, അപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നി. തട്ടമിട്ട ആളെ കാണുമ്പോള്‍ പേടി തോന്നാന്‍ കാരണമെന്നാണെന്ന് എനിക്കും അറിഞ്ഞുകൂട. നമ്മളെ സൃഷ്ടിച്ചത് ദൈവമാണല്ലോ. ആ ദൈവത്തിന് ഇല്ലാത്ത പ്രശ്നം നമുക്കെന്തിനാ? സ്‌കൂളിൽ എന്റെ കൂട്ടുകാര്‍ ലക്ഷ്യയും തീര്‍ത്ഥയുമാണ്. അവര്‍ ഹിന്ദുമതത്തില്‍ നിന്നുളളവരാണ്. ഞാന്‍ അവരോട് കൂട്ടുകൂടാതിരിക്കുന്നില്ലല്ലോ': എന്നാണ് ആയിഷ പറഞ്ഞത്.
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയില്‍ നടന്ന പോറത്തിശേരി കാര്‍ണിവലിനിടെയായായിരുന്നു ആയിഷ സംസാരിച്ചത്. മന്ത്രി ആര്‍ ബിന്ദുവും വേദിയിലുണ്ടായിരുന്നു. തട്ടമിട്ടതുകണ്ട് പേടി തോന്നുന്നുണ്ടോയെന്നാണ് സദസിനോട് ആയിഷ ചോദിക്കുന്നത്. പേടിയുണ്ടെങ്കില്‍ അത് കാഴ്ചയുടെയല്ല കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്നും ആയിഷ വേദിയിൽ പറഞ്ഞു. ഇതിന്റെ പേരില്‍ പഠനം നിഷേധിക്കപ്പെട്ട കൂട്ടുകാരിക്ക് വേണ്ടി താന്‍ ഇതെങ്കിലും ചെയ്യണ്ടേയെന്നും കുട്ടി ചോദിച്ചു. 'അവര്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. ഒരിത്തിരി ദയ മതി. മറ്റുള്ള മതത്തെക്കൂടി ഒന്ന് ബഹുമാനിക്കുക, അത്രമതി, ലോകം നന്നായിക്കോളും', ആയിഷ പറഞ്ഞു നിർത്തി.
നിരവധിപ്പേരാണ് ആയിഷയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മന്ത്രി ആര്‍ ബിന്ദു ആയിഷയുടെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. 'ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കാര്‍ണിവലില്‍ വേദിയെ ഇളക്കിമറിച്ച് നാലാം ക്ലാസുകാരി ആയിഷ ആനടിയില്‍ നടത്തിയ പ്രസംഗം. മാനവികതയുടെ പ്രകാശം പരത്തുന്ന ഈ മിടുക്കികുട്ടിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാം….. അഭിനന്ദനങ്ങള്‍ ആയിഷ…', എന്നായിരുന്നു മന്ത്രിയുടെ കുറിപ്പ്.
Content Highlights: God who created us dont have issue with hijab : Ayisha Anadiyil