കടുത്ത വിഭാഗീയത, ഉൾപാർട്ടി പ്രശ്‌നങ്ങള്‍; സിപിഐയിൽ കൂട്ടരാജി, 800 ഓളം പേർ പാർട്ടിവിട്ടു

ഉൾപാർട്ടി പ്രശ്‌നങ്ങള്‍ രൂക്ഷമായതാണ് രാജിക്ക് കാരണം

കടുത്ത വിഭാഗീയത, ഉൾപാർട്ടി പ്രശ്‌നങ്ങള്‍; സിപിഐയിൽ കൂട്ടരാജി, 800 ഓളം പേർ പാർട്ടിവിട്ടു
dot image

കൊല്ലം: കടുത്ത വിഭാഗീയതയ്ക്ക് പിന്നാലെ കൊല്ലം കടയ്ക്കൽ മണ്ഡലത്തിൽ 800ഓളം പേർ സിപിഐയിൽ നിന്നും രാജിവച്ചു. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ 11 സഹകരണ ബാങ്ക് ഡയറക്ടർമാർ എന്നിവരടങ്ങുന്നവരാണ് രാജിവെച്ചത്. സിപിഐ മുൻ ജില്ലാ കമ്മിറ്റി അംഗം ജെ സി അനിൽ ആണ് രാജിക്കാര്യം അറിയിച്ചത്.

700 ലധികം പാർട്ടി അംഗങ്ങളും 100 ലേറെ പാർട്ടി അനുഭാവികളുമാണ് രാജിവെച്ചതെന്നാണ് വിവരം. ഉൾപാർട്ടി പ്രശ്‌നങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങി നിരവധി നേതാക്കൾ പാർട്ടി വിടുന്നവരിൽ ഉൾപ്പെടും. കടയ്ക്കൽ, ഇട്ടിവ കുമ്മിൾ, ചിതറ പഞ്ചായത്തുകളില്‍ വർഷങ്ങളായി പാർട്ടി നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് പ്രവർത്തകരാണ് രാജിവെച്ചത്.

കഴിഞ്ഞ രണ്ട് വർഷമായി കടയ്ക്കൽ മണ്ഡലത്തിൽ നിലനിൽക്കുന്ന സംഘടനാ പ്രശ്‌നങ്ങളിൽ ജില്ലാ നേതൃത്വം സ്വീകരിച്ച കടുത്ത വിഭാഗീയ നിലപാടാണ് രാജിക്ക് കാരണമെന്ന് ഇവർ ആരോപിച്ചു. മണ്ഡലത്തിലെ പാർട്ടിയുടെ പ്രശ്‌നങ്ങൾ പരാതികളായി നൽകിയിട്ടും പരാതിക്കാരെ കേൾക്കാനോ പ്രശ്‌നം ചർച്ചചെയ്യാനോ സംസ്ഥാന സെക്രട്ടറിയോ ജില്ലാ നേതൃത്വമോ ഇതുവരെ ശ്രമിച്ചിട്ടില്ല. ദീർഘനാളുകളായി പാർട്ടിക്കുള്ളിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം നേത്യത്വം തള്ളിക്കളയുകയാണുണ്ടായത്. സമവായത്തിന്റെ വഴി സ്വീകരിക്കുന്നതിന് പകരം പാർട്ടി ഘടകങ്ങളിലെ ഭൂരിപക്ഷവും സംഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് വിഭാഗീയത ശക്തിപ്പെടുത്തുകയും പാർട്ടിയിൽ വെട്ടിനിരത്തൽ നടത്തുകയും ചെയ്തു. യാതൊരുവിധമായ സംഘടനാ മര്യാദകളും പാലിക്കാതെയാണ് കടയ്ക്കൽ കുമ്മിൾ, തുടയന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെ സ്ഥാനത്തു നിന്നും നീക്കം ചെയ്തതെന്നും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളെ ഘടകങ്ങളിൽ നിന്നും പുറത്താക്കിയതെന്നും ആരോപണമുണ്ട്.

സംഘടനാ വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള സമവായ ചർച്ചപോലും നടത്താതെ ജില്ലാ നേതൃത്വവും സെക്രട്ടറിയും പങ്കെടുത്ത് മണ്ഡലം കമ്മിറ്റി ചേർന്ന് ഇഷ്ട്ടക്കാരെ ഉൾപ്പെടുത്തി പുതിയ സെക്രട്ടറിയേറ്റ് കമ്മിറ്റി രൂപീകരിച്ചു. നേതൃത്വത്തിന്റെ ഇത്തരം വെല്ലുവിളികളും ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനകളുമാണ് പാർട്ടി വിട്ടു പോകുന്നതിലേക്ക് പ്രവർത്തകരെ നയിച്ചതെന്നും ഇവര്‍ ആരോപിച്ചു. കൂട്ടരാജിയുടേയും വിമതയോഗങ്ങളുടെയും വിവരങ്ങൾ ചര്‍ച്ചചെയ്ത് സംസ്ഥാന നേതൃത്വം നാളെ ജില്ലാ കമ്മിറ്റി ചേർന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും.

Content Highlight :

dot image
To advertise here,contact us
dot image