
ദീപാവലി വരുന്നതിന് മുമ്പേ ആളുകൾ വീടുകൾ വൃത്തിയാക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഈ വൃത്തിയാക്കലിനിടയിൽ ഒരു കുടുംബത്തെ മുഴുവൻ അമ്പരപ്പിച്ചു കൊണ്ടൊരു സാധനം കണ്ടെത്തിയിരിക്കുകയാണ്. രണ്ടായിരം രൂപയുടെ നോട്ടുകെട്ടുകൾ. എണ്ണിനോക്കിയപ്പോൾ രണ്ടുലക്ഷം രൂപ. റെഡ്ഡിറ്റിലാണ് ദീപാവലിക്ക് തന്റെ അമ്മ നടത്തിയ വൃത്തിയാക്കലിൽ സംഭവിച്ച കാര്യത്തെ കുറിച്ച് ഒരു ഉപയോക്താവ് കുറിപ്പ് പങ്കുവച്ചത്. പഴയ ഡിടിഎച്ച് സെറ്റ് - ടോപ്പ് ബോക്‌സിൽ നിന്നും രണ്ടായിരം രൂപയുടെ രണ്ടുലക്ഷം രൂപയാണ് കണ്ടെത്തിയത്. 2023ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകളെ സർകുലേഷനിൽ നിന്നും പിൻവലിച്ചിരുന്നു.
2025ലെ ബിഗസ്റ്റ് ദിവാലി സഫായ് (2025 ഏറ്റവും വലിയ ദീപാവലി ശുചിയാക്കൽ) എന്ന തലക്കെട്ടോടെയാണ് ഈ കുറിപ്പ് യുവാവ് പങ്കുവച്ചത്. നോട്ടുനിരോധന കാലഘട്ടത്തിൽ തന്റെ പിതാവ് സൂക്ഷിച്ച് വച്ചതാകാം ഇതെന്നാണ് യുവാവ് കുറിപ്പിൽ പറയുന്നത്. ഇതുവരെയും ഇക്കാര്യം പിതാവിനെ അറിയിച്ചിട്ടില്ല. ഇനിയെന്ത് ചെയ്യണമെന്ന് ഒന്നു പറഞ്ഞ് തരണമെന്നും പോസ്റ്റിൽ യുവാവ് ആവശ്യപ്പെടുന്നുണ്ട്.
യുവാവിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ദൈവമേ ഇത്രയും പണം എനിക്ക് തരൂ, രണ്ടു ലക്ഷം രൂപ മറന്ന് പോയെന്നോ? എന്നാണ് ഒരു കമന്റ്. മറ്റൊരാൾ, ഈ പണം കളയരുത് എനിക്ക് തരൂ എന്നാണ് പറയുന്നത്. ഇത്രയും പണം എങ്ങനെയാണ് ഒരാൾക്ക് മറന്നു പോകാൻ കഴിയുക എന്നാണ് വേറൊരാൾ ആശ്ചര്യപ്പെടുന്നത്.
ചിലർ ഇതിനെ തമാശരൂപേണയാണ് കണ്ടതെങ്കിലും മറ്റു ചിലർ യുവാവിന് ഉപദേശവും നൽകുന്നുണ്ട്. സർക്കുലേഷനിലില്ലെങ്കിലും ലീഗൽ ടെൻഡറിൽ ഇപ്പോഴും രണ്ടായിരം രൂപ നോട്ടുകളുണ്ടെന്നും 20000 ലിമിറ്റിൽ ആർബിഐ ഓഫീസുകളിൽ ഇത് എക്‌സ്‌ചേഞ്ച് ചെയ്യാമെന്നും ചിലർ വിശദീകരിക്കുന്നുണ്ട്. രണ്ടായിരത്തിന്റെ നോട്ട് നിരോധിച്ചിട്ടില്ല, അടുത്തുള്ള ആർബിഐയിൽ ചെന്ന് ഡിക്ലറേഷൻ എഴുതി നൽകി അവ എക്‌സ്‌ചേഞ്ച് ചെയ്യാനും ചിലർ ആവശ്യപ്പെടുന്നുണ്ട്. ബാങ്കുകളിൽ 2000 രൂപ നോട്ടുകൾ നിലവിൽ സ്വീകരിക്കില്ല. എന്നാൽ 19ഓളം നിയുക്ത ആർബിഐ ഓഫീസുകളിൽ 20,000 രൂപ പരിധിയിൽ ഇവ മാറ്റി നൽകുന്നുണ്ട്.
Content Highlight: During Diwali cleaning family finds 2 lakh rupees in 2000 denomination