
തിരുവനന്തപുരം: ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്ന് തുറന്നെഴുതി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതി നല്‍കി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ആത്മഹത്യ കുറിപ്പില്‍ പറയുന്ന 'എന്‍എം' എന്നയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ അവശ്യപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് ജീരകം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിന്‍ മറ്റപ്പള്ളി, വി ഐ അബ്ദുല്‍ കരിം, അഭിജിത് ആര്‍ പനമറ്റം, റിച്ചു കൊപ്രാക്കളം, ജിബിന്‍ ശൗര്യാകുഴിയില്‍, മാത്യൂ നെള്ളിമലയില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ പ്രതികരണവുമായി വയനാട് എംപി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങള്‍ പൂര്‍ണമായും അന്വേഷിക്കാന്‍ ആര്‍എസ്എസ് തയ്യാറാകണമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. യുവാവിന്റെ ആരോപണങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തിരുന്നു.
ആര്‍എസ്എസ് ശാഖയില്‍വെച്ച് നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ചായിരുന്നു കോട്ടയം തമ്പലക്കാട് സ്വദേശി ജീവനൊടുക്കിയത്. ആര്‍എസ്എസ് ശാഖയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി ഇന്‍സ്റ്റഗ്രാമിലൂടെ എഴുതി ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്താണ് യുവാവ് ജീവനൊടുക്കിയത്. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു.
തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി (ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് പറയുന്നത്. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്‍എസ്എസുകാരെന്നും യുവാവ് പറയുന്നു. യുവാവിന്റെ മരണം വലിയ രീതിയില്‍ ആര്‍എസ്എസിനെതിരായ വിമര്‍ശനത്തിലേക്ക് വഴിവെച്ചിട്ടുണ്ട്.
Content Highlights: Local Congress files complaint after youth died after writing a note against RSS