
തിരുനക്കര: കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന്‍ നവനീത് ജോലിയില്‍ പ്രവേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഓവര്‍സിയറായാണ് നിയമനം. കോട്ടയം തിരുനക്കരയില്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലെത്തി മന്ത്രി വി എന്‍ വാസവന്റെ സാന്നിധ്യത്തിലാണ് നവനീത് ജോലിയില്‍ പ്രവേശിച്ചത്.
ഇന്ന് രാവിലെ പതിനൊന്നേകാലോടെയാണ് തിരുനക്കരയിലുള്ള തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസില്‍ എത്തി നവനീത് ജോലിയില്‍ പ്രവേശിച്ചത്. വൈക്കം അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ഓവര്‍സിയറായാണ് നിയമനം. രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലാവധിക്ക് ശേഷം സ്ഥിര നിയമനം നല്‍കും. ഈ മാസം ആദ്യം നിയമന ഉത്തരവ് പുറത്തിറങ്ങിയിരുന്നു. നവനീത് ജോലിയില്‍ പ്രവേശിച്ചതോടെ ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കിയെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നവനീത് നന്ദി അറിയിച്ചു. നേരത്തേ ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിന് പുറമേ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായവും നല്‍കിയിരുന്നു. ബിന്ദുവിന്റെ വീടിന്റെ നിര്‍മ്മാണം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞമാസം താക്കോല്‍ കൈമാറിയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിട ഭാഗം തകര്‍ന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുടെ ഭാഗമായി കൂട്ടിരിക്കുന്നതിനായി ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി ശുചിമുറിയില്‍ എത്തിയപ്പോഴായിരുന്നു അപകടം. ശുചിമുറിയുടെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ആദ്യഘട്ടത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ ബിന്ദു കുടുങ്ങിക്കിടക്കുന്നത് വ്യക്തമായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ബിന്ദുവിന്റെ മകള്‍ നവമി സുഖംപ്രാപിച്ചുവരികയാണ്.ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഉടന്‍ നവമിയുടെ പഠനം തുടരുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.
Content Highlights- Kottayam Medical College Incident: Son of bindu joined government service