
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് വിന്‍ഡീസ് ഓപ്പണർ ജോണ്‍ കാംബെല്‍. 199 പന്തില്‍ മൂന്ന് സിക്സും 12 ബൗണ്ടറിയും സഹിതം 115 റണ്‍സെടുത്താണ് കാംബെല്‍ മടങ്ങിയത്. സെഞ്ച്വറിയും കടന്ന് മുന്നേറുകയായിരുന്ന താരത്തെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി ജഡേജയാണ് വിന്‍ഡീസിന് തിരിച്ചടി സമ്മാനിച്ചത്.
എന്നാല്‍ ഇന്ത്യയ്ക്കെതിരെ സെഞ്ച്വറി നേടിയതിന് പിന്നാലെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജോണ്‍ കാംബെല്‍. 23 വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് സെഞ്ച്വറി നേടുന്ന വിന്‍ഡീസ് ഓപ്പണറെന്ന റെക്കോര്‍ഡാണ് കാംബെല്‍ സ്വന്തം പേരിലെഴുതിച്ചേര്ത്തിരിക്കുന്നത്. മാത്രവുമല്ല ടെസ്റ്റ് കരിയറില്‍ കാംബെല്‍ സ്വന്തമാക്കുന്ന ആദ്യ സെഞ്ച്വറി കൂടിയാണ് ഡല്‍ഹിയില്‍ പിറന്നത്.
അതേസമയം ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ വിൻഡീസിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. 270 റൺസിന്റെ ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത വിൻഡീസിന് 35 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് കളിയിലേക്ക് തിരിച്ചുവന്നു. വിൻഡീസ് നിരയിൽ രണ്ട് പേർ സെഞ്ച്വറിയും നേടി. ജോൺ കാംബെൽ 115 റൺസിന് പുറത്തായപ്പോൾ ഷായ് ഹോപ് ക്രീസിലുണ്ട്. 28 റൺസുമായി റോസ്റ്റൺ ചേസ് ആണ് ഹോപ്പിന് കൂട്ടുള്ളത്.
Content Highlights: John Campbell scripts history with Test century against India