
പാലക്കാട്: സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമക്കേസിന് പിന്നാലെ കോണ്‍ഗ്രസ് പാർട്ടി സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ സജീവമാക്കാനൊരുങ്ങി യുഡിഎഫിലെ ഒരു വിഭാഗം. കുടുംബശ്രീയുടെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്ത രാഹുൽ, നാളെ പിരായിരിയിലെ പൊതുപരിപാടിയിലും പങ്കെടുക്കും.
ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും വെല്ലുവിളിയെ തുടർന്ന് ഫ്ളക്സുകളും പോസ്റ്ററുകളും പ്രചരിപ്പിച്ചാണ് രാഹുലിന്റെ പിരായിരിയിലെ പൊതുപരിപാടി. സ്ത്രീകളുടെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ 38 ദിവസം മാറി നിന്നതിനുശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് തിരിച്ചെത്തിയത്. പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും പ്രഖ്യാപിച്ചിരുന്നു.
മാധ്യമങ്ങളെ പോലും അറിയിക്കാതെ, അപ്രതീക്ഷതമായി എത്തി കെഎസ്ആർടിസി പാലക്കാട് - ബെംഗളൂരു സർവീസിന്റെ ഉദ്ഘാടനവും നഗരസഭാ പരിധിയിലെ കുടുംബശ്രീയുടെ വാർഷികാഘോഷ പരിപാടിയിലും രാഹുൽ പങ്കെടുത്തിരുന്നു. രാഹുലിനെ ഒളിപ്പിച്ച് രഹസ്യമായാണ് ഒരോ പരിപാടികളിലും കോൺഗ്രസ് നേതാക്കൾ എത്തിക്കുന്നതെന്ന് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും പരിഹാസം ഉയർന്നതോടെ, പരമാവധി പ്രചാരണം നൽകി നാളെ രാഹുലിനെ പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിന് എത്തിക്കാനാണ് യുഡിഎഫിലെ ഒരു വിഭാഗത്തിന്റെ തീരുമാനം.
എന്നാൽ വിവാദങ്ങൾക്ക് വേണ്ടിയല്ല, ജനങ്ങൾ ആവശ്യപ്പെട്ടാണ് രാഹുലിനെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് എന്നാണ് പിരായിരിയിലെ യുഡിഎഫ് നേതാക്കളുടെ പ്രതികരണം. രാഹുലിനെ രഹസ്യമായി പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. പാർട്ടി നടപടി നേരിടുന്ന എംഎൽഎയെ പാർട്ടി സംവിധാനം ഉപയോഗിച്ച് പൊതുവേദികളിൽ എത്തിക്കുന്നത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാഹുൽ രാജിവെച്ചിരുന്നു. കൂടാതെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: UDF is planning to activate Rahul Mamkootathil MLA in the constituency