
തൃശൂർ: മോസ്‌കോയിലെ സെച്ചിനോവ് സര്‍വകലാശയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടുവല്ലുര്‍ കുനത്തില്‍ ഫിദ ഫാത്തിമ(28) കൊണ്ടോട്ടി മേലേക്കുഴിപ്പരമ്പില്‍ അഹമ്മദ് അജ്‌നാസ്(27) എന്നിവരാണ് അറസ്റ്റിലായത്. വേലൂര്‍ സ്വദേശിനി ഫാത്തിമ റിഷയുടെ പരാതിയിലാണ് അറസ്റ്റ്.മെഡിക്കല്‍ പഠിക്കാന്‍ സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് വാഗ്ദാനം നല്‍കി പ്രതികള്‍14.08 ലക്ഷം കൈപ്പറ്റിയെന്നാണ് പരാതി.
റഷ്യയിലെ മോസ്‌കോയിലുള്ള സച്ചിനോവ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ മാതാവിൻ്റെ ബാങ്ക് വഴിയും നേരിട്ടും 15 ലക്ഷത്തോളം രൂപ ഇരുവരും ചേര്‍ന്ന് കൈപ്പറ്റുകയായിരുന്നു. പിന്നീട് സീറ്റ് തരപ്പെടുത്തി കൊടുക്കാതെയും പണം നല്‍കാതെയും വര്‍ഷങ്ങളായി മുങ്ങി നടന്ന് കബളിപ്പിക്കുകയും ചെയ്തതോടെയാണ് വേലൂര്‍ സ്വദേശിനി എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്തരാഷ്ട്ര തലത്തില്‍ പ്രതികള്‍ ഇത്തരത്തില്‍ ആറ് കോടി രൂപയിലധികം തട്ടിപ്പ് നടത്തിയതായും സംഭവത്തില്‍ കൂടുതല്‍ പ്രതികളെ പിടികൂടാന്‍ സാധ്യതയുള്ളതായും എരുമപ്പെട്ടി പൊലീസ് അറിയിച്ചു.
Content Highlight : Seats can be offered at Sechenovskiy Universitet; Suspects arrested for defrauding lakhs by promising medical seats