
പ്രാദേശിക ബാറുകളിൽ പള്ളിയിലുപയോഗിക്കുന്ന വീഞ്ഞ് സുലഭമായതോടെ കെനിയൻ കത്തോലിക്കാ പള്ളിയിലെ വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞിന്റെ ബ്രാൻഡ് മാറ്റി സഭ അധികൃതർ. കുര്‍ബാനയില്‍ ഉപയോഗിക്കുന്ന പ്രധാന വിശുദ്ധ വസ്തുക്കളില്‍ ഒന്നാണ് വീഞ്ഞ്. പ്രാര്‍ത്ഥനാചടങ്ങുകളുടെ ഭാഗമായി പുരോഹിതര്‍ ഈ വീഞ്ഞ് കുടിക്കുകയും വിശ്വാസികള്‍ക്ക് നല്‍കുകയും ചെയ്യാറുണ്ട്.
പള്ളിയിലേക്ക് നേരത്തെ വീഞ്ഞ് വിതരണം ചെയ്തിരുന്നത് പ്രദേശത്ത് തന്നെയുള്ള വീഞ്ഞ് നിര്‍മാതാക്കളായിരുന്നു. പക്ഷേ ഇതേ വീഞ്ഞ് ലിക്കർ ഷോപ്പുകൾ, ഹോട്ടലുകൾ, ബാറുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ വ്യാപകമായി വിൽക്കാൻ ആരംഭിച്ചുവെന്ന് ആർച്ച് ബിഷപ്പ് നെയ്‌രി ആന്റണി മുഹേരിയ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
പള്ളികളിലേക്ക് പുതിയതായി വിതരണം ചെയ്യാന്‍ ആരംഭിച്ചിരിക്കുന്ന വീഞ്ഞിന്‍റെ പൂർണ ഉത്തരവാദിത്തം കെനിയ കോൺഫറൻസ് ഓഫ് കാത്തലിക്ക് ബിഷപ്പ്‌സ് എന്ന കൂട്ടായ്മയ്ക്കായിരിക്കും. ഈ വീഞ്ഞ് വ്യാപാരത്തിന് ഉപയോഗിക്കില്ല. രൂപതകളുടെ നിയന്ത്രണത്തില്‍ മാത്രമേ വിതരണം ഉണ്ടാവുകയുള്ളുവെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
സുബുക്കിയ നാഷണൽ മരിയൻ ദേവാലയത്തില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനത്തിലാണ് ആയിരക്കണക്കിന് വിശ്വാസികൾക്കായി പുതിയ വീഞ്ഞ് ഉപയോഗിച്ചത്. പുതിയ വീഞ്ഞ് ദക്ഷിണാഫ്രിക്കയിൽ നിന്നാണ് കൊണ്ടുവന്നിരിക്കുന്നത്. ഇനി ഇതാവും രാജ്യത്തുടനീളം ഉപയോഗിക്കുകയെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Kenyan Catholic church replace altar wine