
വാഷിങ്ടൺ: സമാധാന നൊബേൽ ലഭിക്കാത്തതിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ വെനസ്വലേ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്ക് നിരവധി തവണ താൻ സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. നൊബേൽ പ്രഖ്യാപിച്ചതിന് പിന്നാലെ കൊരീന തന്നെ വിളിച്ചിരുന്നു. തന്നോടുള്ള 'ബഹുമാനാർത്ഥം' നൊബേൽ സമ്മാനം സ്വീകരിക്കുകയാണെന്ന് അവർ പറഞ്ഞതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
സമാധാന നൊബേൽ ലഭിച്ച വ്യക്തി എന്നെ വിളിച്ചിരുന്നു. താങ്കളോടുള്ള ബഹുമാനാർത്ഥം താൻ നൊബേൽ പുരസ്‌കാരം സ്വീകരിക്കുകയാണെന്ന് പറഞ്ഞു. സമ്മാനത്തിന് ശരിയ്ക്കും അർഹിച്ചിരുന്ന ആളാണ് താങ്കളെന്നാണ് അവർ എന്നോട് പറഞ്ഞതെന്ന് ട്രംപ് വ്യക്തമാക്കി.
'എനിക്ക് നൊബേൽ തരൂവെന്ന് ഞാൻ പറഞ്ഞിട്ടില്ല, എന്നാൽ അവൾ അത് ചെയ്തിരിക്കാമെന്നാണ് ഞാൻ കരുതുന്നത്. നിരവധി തവണ കൊറീനയെ ഞാൻ സഹായിച്ചിട്ടുണ്ട്. വെനസ്വേല ദുരിതം നേരിടുമ്പോൾ അവർക്ക് ധാരാളം സഹായം ആവശ്യമായിരുന്നു. നിരവധി തവണ കൊരീനയെ സഹായിച്ചിട്ടുണ്ട്. ഞാൻ അതിൽ സന്തോഷവാനാണ്. എന്തെന്നാൽ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ എനിക്കായി' വൈറ്റ്ഹൗസിൽവെച്ച് മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മറിയ കൊരീനയ്ക്ക് പുരസ്‌കാരം ലഭിച്ചത്. സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഇരുപതാമത്തെ വനിതയാണ് മറിയ കൊരീന. വെനസ്വേലയുടെ ഉരുക്കുവനിത എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്‌കാരം. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് മറീന കൊരീന.
സമാധാനത്തിനായുള്ള നൊബേലിനായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഏറെ അവകാശവാദം ഉന്നയിച്ചിരുന്നു. അധികാരത്തിലേറി ഏഴ് മാസത്തിനകം ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ച താന്‍ സമാധാന നൊബേലിന് അര്‍ഹനാണെന്നായിരുന്നു ട്രംപിന്‍റെ വാദം. ഗാസ വെടിനിര്‍ത്തലും ട്രംപ് ഉയര്‍ത്തികാണിച്ചിരുന്നു. എന്നാൽ ട്രംപിന്റെ ആഗ്രഹത്തിന് തിരിച്ചടിയായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
Content Highlights: US President Donald Trump reacted to not winning the Nobel Peace Prize this year