
സമീപകാലത്ത് ഐടി മേഖലയെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ സംഭവങ്ങളായിരുന്നു എഐയുടെ വ്യാപനം, ഇന്ത്യ - യുഎസ് വ്യാപാര ബന്ധത്തിലെ വിള്ളൽ എന്നിവ. എഐയുടെ വ്യാപനം മനുഷ്യരുടെ നിരവധി തൊഴിലുകൾ അപഹരിക്കപെടുന അവസ്ഥയിലേക്ക് വരെ എത്തി. ഇന്ത്യ യുഎസ് തീരുവ തർക്കങ്ങളും പിന്നീട് വന്ന വിസ വിവാദങ്ങളും ഐടി മേഖലയിൽ ആശങ്കകൾ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ഇവയുടെയെല്ലാം പ്രതിഫലനമെന്നോണം പ്രശസ്ത ഐടി കമ്പനിയായ ടിസിഎസ്സിലും പ്രതിസന്ധികൾ ഉടലെടുക്കുകയാണ്.
അടുത്തിടെ നടന്ന പിരിച്ചുവിടലിൽ കമ്പനി ഏകദേശം 20,000ത്തിനടുത്ത് തൊഴിലാളികളെ പറഞ്ഞുവിട്ടു എന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ ടിസിഎസ് 19,755 തൊഴിലാളികളെയാണ് പറഞ്ഞുവിട്ടത്. മൂന്ന് മാസത്തിനിടെ മാത്രമാണ് ഇത്രയുംപേരെ പിരിച്ചുവിട്ടത് എന്നതാണ് ഭീതിപ്പെടുത്തുന്ന കാര്യം. ഇതോടെ കമ്പനിയിൽ ജോലി ചെയ്യുന്ന ആകെ തൊഴിലാളികളുടെ എണ്ണം രണ്ട് വർഷത്തിനിടയിൽ ആദ്യമായി ആറ് ലക്ഷത്തിന് താഴെ എത്തിയിരിക്കുകയാണ്.
മധ്യ - സീനിയർ ലെവലിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്. 2026 മാർച്ചോടെ ലോകമെമ്പാടുമുളള തങ്ങളുടെ മൊത്തം ജീവനക്കാരുടെ എന്നതിൽ രണ്ട് ശതാമാനം കുറവ് വരുത്താനാണ് ടിസിഎസിന്റെ നീക്കം. എഐയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതും ട്രംപിന്റെ നടപടികളുമാണ് ടിസിഎസിനെ ഇത്തരമൊരു പിരിച്ചുവിടലിന് പ്രേരിപ്പിച്ചത്. എഐ, മെഷീൻ ലേണിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നീ മേഖലകളിലായിരിക്കും ഇനി ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുക എന്ന് കമ്പനി അറിയിച്ചിരുന്നു.
ലോകമാകെയുള്ള ടെക്ക് കമ്പനികൾ സാമ്പത്തികമായ പുനർവിചിന്തനം നടത്തുന്ന സമയത്ത് കൂടിയാണ് ടിസിഎസിന്റെ ഈ പിരിച്ചുവിടൽ ഉണ്ടാകുന്നത്. കമ്പനിയുടെ വിവിധ സാമ്പത്തികപാദത്തിലെ ലാഭക്കണക്കുകൾ പ്രതീക്ഷിച്ചതിലും നന്നേ കുറവായിരുന്നു. ഇതും പിരിച്ചുവിടലിന് കമ്പനിയെ പ്രേരിപ്പിക്കാൻ ഒരു കാരണമായിട്ടുണ്ട്.
ട്രംപിന്റെ H-1B വിസ നടപടികളാണ് മറ്റൊരു കാരണം. അടുത്തിടെ വിസ ഫീസ് ഒരു ലക്ഷം ഡോളറായി ട്രംപ് വർധിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ഉയർന്ന താരിഫുകൾ ഏർപ്പെടുത്തിയതും പ്രതിസന്ധിയായി. ഇത് ഇന്ത്യൻ ഐടി ഭീമന്മാരെക്കുറിച്ചുള്ള പ്രതിച്ഛായ ഇടിവിന് കാരണമാകുകയും അമേരിക്കൻ ക്ലയന്‍റുകള്‍ ഇന്ത്യൻ കമ്പനികൾക്ക് മേൽ പണം ചെലവഴിക്കുന്നത് കുറയാൻ കാരണമാകുകയും ചെയ്തു.
Content Highlights: tcs mass layoffs due to AI and Trump